
UAE Introduces New Rules for Delivery Riders ദുബൈ: യുഎഇയിലെ ഡെലിവറി റൈഡർമാർക്കായി പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഡെലിവറി സാധനങ്ങൾ കൊണ്ടുപോകാൻ ബാക്ക്പാക്കുകൾ ഉപയോഗിക്കുന്നതിനും മോട്ടോർ സൈക്കിളിന്റെ പിന്നിൽ യാത്രക്കാരെ ഇരുത്തുന്നതിനും വിലക്കുണ്ടാകും. പകരം അധികൃതർ അംഗീകരിച്ച പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കണം സാധനങ്ങൾ കൊണ്ടുപോകേണ്ടത്.
2024ലെ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ അടിസ്ഥാനത്തിൽ 2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഡെലിവറി ഡ്രൈവർമാർക്കും വാഹന ഓപ്പറേറ്റർമാർക്കും പാലിക്കേണ്ട എട്ട് പ്രധാന നിബന്ധനകളാണ് ഇതിലുള്ളത്.
ഡെലിവറി റൈഡർമാർ പാലിക്കേണ്ട പ്രധാന നിബന്ധനകൾ
- ബാക്ക്പാക്കുകൾ നിരോധിച്ചു: ഡെലിവറി ഓർഡറുകൾ കൊണ്ടുപോകാൻ സാധാരണ ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്. അംഗീകൃത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണം.
- പിന്നിൽ യാത്രക്കാരെ അനുവദിക്കില്ല: ഡെലിവറി സേവനത്തിനായി ലൈസൻസ് ചെയ്ത മോട്ടോർ സൈക്കിളുകളിൽ ജോലി സമയത്ത് പിന്നിൽ യാത്രക്കാരെ ഇരുത്താൻ പാടില്ല.
- യൂണിഫോം നിർബന്ധം: അധികൃതർ നിർദേശിച്ച യൂണിഫോം ധരിക്കുകയും മാന്യമായ വേഷവിധാനം പാലിക്കുകയും വേണം.
- പ്രൊഫഷണൽ പെർമിറ്റ്: സാധുവായ പ്രൊഫഷണൽ ഡ്രൈവിങ് പെർമിറ്റ് കൈവശം സൂക്ഷിക്കണം. പരിശോധനയ്ക്കിടെ ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും വേണം.
- അംഗീകൃത സംവിധാനങ്ങൾ: വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അധികൃതർ അംഗീകരിച്ച സംവിധാനങ്ങളിൽ ലോഗിൻ ചെയ്ത് നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.
- നിരോധിത വസ്തുക്കൾ പാടില്ല: നിയമവിരുദ്ധമോ നിരോധിക്കപ്പെട്ടതോ പൊതുക്രമത്തിന് വിരുദ്ധമോ ആയ വസ്തുക്കൾ കൊണ്ടുപോകാനോ വിതരണം ചെയ്യാനോ പാടില്ല.
- കാലാവധി കഴിഞ്ഞ പെർമിറ്റ് അനുവദിക്കില്ല: സാധുവായ പെർമിറ്റില്ലാതെയോ കാലാവധി കഴിഞ്ഞ പെർമിറ്റുമായോ ജോലി ചെയ്യാൻ പാടില്ല.
- അധിക നിബന്ധനകൾ പാലിക്കണം: ലൈസൻസിങ്, ട്രാഫിക് അധികൃതർ നിർദേശിക്കുന്ന മറ്റ് വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
മോട്ടോർ സൈക്കിൾ യാത്രക്കാർക്കും നിയന്ത്രണങ്ങൾ
ഡെലിവറി റൈഡർമാർ ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിൾ യാത്രക്കാർക്കും സുരക്ഷാ നിർദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഹാൻഡിൽ ബാറിൽ കൈവയ്ക്കാതെ വാഹനം ഓടിക്കുന്നതും കൈകൊണ്ട് സിഗ്നൽ നൽകുന്ന സാഹചര്യമൊഴികെ ഒരു കൈ മാത്രം ഉപയോഗിച്ച് ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
റോഡിലൂടെ അപകടകരമായ രീതിയിൽ വെട്ടിത്തിരിച്ചോടിക്കുകയോ അമിതവേഗത്തിൽ സഞ്ചരിക്കുകയോ ചെയ്യരുത്. സുരക്ഷാ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. പ്രത്യേക സാഹചര്യമില്ലെങ്കിൽ മോട്ടോർ സൈക്കിളുകൾ ഒന്നിന് പിന്നിൽ ഒന്നായി സഞ്ചരിക്കണമെന്നും നിർദേശമുണ്ട്.
ജനുവരി ഒന്നുമുതൽ പുതിയ നിയമം
യുഎഇയിലെ ഫെഡറൽ ട്രാഫിക് നിയമത്തിലെ പുതിയ നടപ്പാക്കൽ ചട്ടങ്ങൾ 2027 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഡെലിവറി മേഖലയിൽ റോഡ് സുരക്ഷ വർധിപ്പിക്കുകയും അപകടകരമായ ഡ്രൈവിങ് രീതികൾ നിയന്ത്രിക്കുകയും ചെയ്യുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.





