
Weather in Qatar ദോഹ: ഖത്തറിന്റെ വടക്കൻ കടൽമേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച ഉച്ചയോടെ വടക്കൻ പ്രദേശങ്ങളിൽ പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെടാനും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ പകൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കും. കടലിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കുന്നു.
തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം 5 മുതൽ 15 നോട്ട് വരെയായിരിക്കും. ചില സമയങ്ങളിൽ ഇത് 20 നോട്ട് വരെ ശക്തി പ്രാപിച്ചേക്കാം. കടലിൽ വടക്കൻ മേഖലകളിൽ കാറ്റിന്റെ വേഗം 22 നോട്ട് വരെ എത്താനും സാധ്യതയുണ്ട്. വടക്കൻ തീരപ്രദേശങ്ങളിൽ തിരമാലകൾ അഞ്ചടി വരെയും കടലിൽ ഏഴടി വരെയും ഉയർന്നേക്കാം. മഴയുള്ള സമയത്ത് വടക്കൻ കടൽമേഖലകളിൽ ദൃശ്യപരിധി മൂന്ന് കിലോമീറ്ററായി കുറയാനും സാധ്യതയുണ്ട്.
ദോഹയിൽ പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.





