
കുവൈത്ത് സിറ്റി: ഫിക്സഡ് വയർലെസ് ഇന്റർനെറ്റ് (FWA) പ്രകടനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതെത്തി കുവൈത്ത്. അമേരിക്കൻ ആസ്ഥാനമായ നെറ്റ്വർക്ക് അനാലിസിസ് കമ്പനിയായ ഊക്ല (Ookla) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന്റെ നേട്ടം വ്യക്തമാക്കുന്നത്. ഡൗൺലോഡ്, അപ്ലോഡ് വേഗതയിലും നെറ്റ്വർക്ക് പ്രതികരണ സമയത്തിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവെച്ചത്.
2026 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഇന്റർനെറ്റ് പ്രകടനമാണ് റിപ്പോർട്ടിൽ വിലയിരുത്തിയത്. കുവൈത്തിലെ 5ജി അഡ്വാൻസ്ഡ് (5G-A) നെറ്റ്വർക്കുകൾ സ്ഥിരതയാർന്ന വേഗതയും മികച്ച കണക്റ്റിവിറ്റിയും നൽകിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുവൈത്തിലെ ഫിക്സഡ് വയർലെസ് ഇന്റർനെറ്റിന്റെ ശരാശരി ഡൗൺലോഡ് വേഗത 321 എംബിപിഎസ് (Mbps) ആയി രേഖപ്പെടുത്തി. അതേസമയം, വയർഡ് ബ്രോഡ്ബാൻഡ് സേവനങ്ങളുടെ ശരാശരി വേഗത 218 മുതൽ 241 എംബിപിഎസ് വരെയായിരുന്നു. പരമ്പരാഗത വയർഡ് കണക്ഷനുകളെക്കാൾ ഉയർന്ന വേഗത ഫിക്സഡ് വയർലെസ് സാങ്കേതികവിദ്യയിലൂടെ കൈവരിക്കാനായെന്നതാണ് ശ്രദ്ധേയം.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ (CITRA) കണക്കുകൾ പ്രകാരം, 2026 പകുതിയോടെ കുവൈത്തിൽ 12 ലക്ഷത്തിലധികം സജീവ 5ജി അഡ്വാൻസ്ഡ് വരിക്കാരുണ്ടായിരുന്നു. 2027-ഓടെ വരിക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2029-ഓടെ വീടുകൾക്കുള്ളിലും പുറത്തുമായി 80 ശതമാനം കവറേജ് ഉറപ്പാക്കാനും പദ്ധതിയുണ്ട്.
കുവൈത്തിലെ പ്രമുഖ ടെലികോം കമ്പനികളായ സെയ്ൻ (Zain), എസ്ടിസി (stc), ഒരീഡൂ (Ooredoo) എന്നിവ 2025-ൽ നൂതന 5ജി അഡ്വാൻസ്ഡ് സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെ 3,000-ത്തിലധികം നെറ്റ്വർക്ക് സൈറ്റുകൾ വികസിപ്പിച്ചതും ഈ നേട്ടത്തിന് സഹായകമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫിക്സഡ് വയർലെസ് കണക്റ്റിവിറ്റിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളെ പിന്നിലാക്കി കുവൈത്ത് കൈവരിച്ച നേട്ടം അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ 5ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിക്കുന്നതിന്റെ സൂചനയാണ്. രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഈ മുന്നേറ്റം കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.





