
കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക് ശസ്ത്രക്രിയ, ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ എന്നിവ കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ആശുപത്രികളിൽ വിദൂര നിയന്ത്രണത്തിലൂടെ സങ്കീർണ ശസ്ത്രക്രിയകൾ നടത്താനുള്ള സംവിധാനങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വ്യത്യസ്ത ആശുപത്രികളിലും രാജ്യങ്ങളിലും ഇരുന്നുകൊണ്ട് ഡോക്ടർമാർക്കും രോഗികൾക്കും ശസ്ത്രക്രിയയിൽ പങ്കാളികളാകാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് കുവൈത്ത് വികസിപ്പിക്കുന്നത്.
വ്യാഴാഴ്ച ഷെയ്ഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിൽ നടന്ന കുവൈത്ത് മെഡിക്കൽ സമ്മിറ്റ് (KMS 2026) ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘എ വേൾഡ് ഓഫ് ഹെൽത്ത്കെയർ… ഇൻ ദ ഹാർട്ട് ഓഫ് കുവൈത്ത്’ എന്ന പ്രമേയത്തിൽ നവംബർ 26 മുതൽ 28 വരെ മൂന്ന് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ മേഖലയിലെ നേതാക്കൾ, മെഡിക്കൽ-ഡെന്റൽ വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
വിദൂര ശസ്ത്രക്രിയയിൽ മുന്നേറ്റം
റോബോട്ടുകളുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയയിലും വിദൂര ശസ്ത്രക്രിയാ സംവിധാനങ്ങളിലും കുവൈത്തിലെ ആശുപത്രികൾ വലിയ പുരോഗതി കൈവരിച്ചതായി ഡോ. അൽ സബാഹ് പറഞ്ഞു.
കുവൈത്തിൽ ഇരുന്ന് വിദേശത്തുള്ള രോഗികൾക്ക് ശസ്ത്രക്രിയ നടത്തുക, വിദേശത്തുള്ള സർജൻ കുവൈത്തിലെ രോഗിക്ക് ഓപ്പറേഷൻ നടത്തുക, രാജ്യത്തിനകത്തെ രണ്ട് ആശുപത്രികളിലായി ഡോക്ടറും രോഗിയും ഇരുന്നുകൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുക തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കുവൈത്തിലെ മെഡിക്കൽ ജീവനക്കാരുടെ കഴിവും ആരോഗ്യസ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സജ്ജീകരണവുമാണ് ഇത്തരം സംവിധാനങ്ങൾ സാധ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചികിത്സയിൽ എഐയും റോബോട്ടുകളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഹെൽത്ത്, റോബോട്ടിക് സർജറി എന്നിവ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അൽ സബാഹ് പറഞ്ഞു.
കൂടുതൽ കൃത്യമായ രോഗനിർണയം, ശസ്ത്രക്രിയകളിലെ സൂക്ഷ്മത, ഓരോ രോഗിയുടെയും ആരോഗ്യാവസ്ഥയ്ക്ക് അനുയോജ്യമായ ചികിത്സ എന്നിവയ്ക്ക് ഈ സാങ്കേതികവിദ്യകൾ സഹായിക്കും. വിദൂര ചികിത്സാ സംവിധാനങ്ങളിലൂടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിക്കും.
എഐ ഉപയോഗത്തിന് നിയമപരമായ അടിത്തറ
2020ലെ 70-ാം നമ്പർ നിയമത്തിലൂടെ കുവൈത്ത് ഈ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേരത്തേ നിയമപരമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ പ്രാക്ടീസ്, അനുബന്ധ ആരോഗ്യപ്രവർത്തനങ്ങൾ, രോഗികളുടെ അവകാശങ്ങൾ, ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. ആരോഗ്യസേവനങ്ങളിൽ എഐയും മറ്റ് നൂതന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുണ്ട്.
മെഡിക്കൽ രംഗത്ത് എഐ ഭാഷാ ഉപകരണങ്ങളും വലിയ ഭാഷാ മോഡലുകളും ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശവും കുവൈത്ത് സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ രോഗികളുടെ സ്വകാര്യതയും ചികിത്സാ സുരക്ഷയും പരമപ്രധാനമായി തുടരണം. ചികിത്സാ തീരുമാനങ്ങളും അതിന്റെ ഉത്തരവാദിത്തവും ഡോക്ടർമാരിൽ തന്നെയായിരിക്കണമെന്നും അൽ സബാഹ് വ്യക്തമാക്കി.
മെഡിക്കൽ ഗവേഷണത്തിനും അന്താരാഷ്ട്ര സഹകരണത്തിനും വേദി
കുവൈത്ത് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾ മുൻകൈയെടുത്ത് ഉച്ചകോടിയുടെ സംഘാടനത്തിൽ പങ്കാളികളായതിനെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധരെ ഒരുമിപ്പിക്കുന്ന ഇത്തരം പരിപാടികൾ പുതിയ ഗവേഷണ പങ്കാളിത്തങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യകൾ, മെഡിക്കൽ ഗവേഷണം, രാജ്യാന്തര വിദഗ്ധരുടെ അനുഭവസമ്പത്ത് എന്നിവ പ്രയോജനപ്പെടുത്തി കുവൈത്തിലെ ആരോഗ്യസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. രോഗികൾക്ക് ഗുണമേന്മയുള്ളതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും പരിപാടിയിൽ ചർച്ച ചെയ്യും.