Fujairah Traffic Accident : ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തം; മരിച്ച 14 പേരിൽ 4 ഇന്ത്യക്കാർ, 30 പേർക്ക് പരിക്ക്

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ മരിച്ച 14 പേരുടെ ദേശീയതയും തിരിച്ചറിയൽ വിവരങ്ങളും സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം. മരിച്ചവരിൽ 10 പേർ എമിറാത്തികളും നാലുപേർ ഇന്ത്യക്കാരുമാണെന്ന് മന്ത്രാലയം ശനിയാഴ്ച പുലർച്ചെ അറിയിച്ചു.

23 വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ എട്ട് എമിറാത്തികൾ, രണ്ട് ജോർദാനികൾ, ഏഴ് ഇന്ത്യക്കാർ, രണ്ട് പാകിസ്ഥാനികൾ, മൂന്ന് ഈജിപ്തുകാർ, ആറ് ഒമാനികൾ, രണ്ട് ബ്രസീലുകാർ എന്നിവർ ഉൾപ്പെടുന്നു.

അപകടം നടന്ന ദിവസം ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ (E66) തുടർച്ചയായി രണ്ട് അപകടങ്ങളാണ് ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ആദ്യ അപകടത്തിൽ ഒരു വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ അപകടത്തിൽ രണ്ട് ഷിപ്പിങ് കണ്ടെയ്‌നറുകൾ കയറ്റിയ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം മറിഞ്ഞു. അറ്റകുറ്റപ്പണികൾക്കായി റോഡിന്റെ വലതുവശത്തെ പാത അടച്ചിരുന്ന മേഖലയിലാണ് അപകടങ്ങൾ നടന്നത്.

അപകടത്തെത്തുടർന്ന് പൊലീസ് പ്രത്യേക വിഭാഗങ്ങൾ, ആംബുലൻസ് സംഘങ്ങൾ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, മറ്റ് അടിയന്തര രക്ഷാപ്രവർത്തകർ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

സംഭവത്തിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദിത്തം നിർണയിക്കുന്നതിനുമായി സാങ്കേതിക പരിശോധനകൾ, ഫോറൻസിക് ലബോറട്ടറി പരിശോധനകൾ, മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ എന്നിവയ്ക്ക് ഉത്തരവിട്ടു.

വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പെട്ടെന്നുള്ള ഗതാഗതക്കുരുക്കുകളിലും വാഹനങ്ങൾ നിർത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇത്തരം അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *