India envoy thanks UAE : ഫുജൈറ വാഹനാപകടം വലിയ ദുരന്തം; യുഎഇയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ അംബാസഡർ

ദുബായ്: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണയും സഹായവും നൽകിയ യുഎഇ ഭരണനേതൃത്വത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ. അപകടത്തെ വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ദുരിതബാധിതരായ ഇന്ത്യൻ കുടുംബങ്ങളുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

നവംബർ 12ന് ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാരും 10 യുഎഇ പൗരന്മാരുമടക്കം 14 പേരാണ് മരിച്ചത്. അപകടത്തിൽ 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യക്കാർക്ക് പുറമെ ഒമാൻ, ബ്രസീൽ, പാകിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

അപകടത്തിൽ രണ്ട് ഇരട്ട മക്കളെയും മൂന്ന് വയസ്സുള്ള പേരക്കുട്ടിയെയും നഷ്ടപ്പെട്ട ഇന്ത്യൻ പ്രവാസിയായ സിദ്ദിഖ് തുബ്ലിക്കത്തിന്റെ കുടുംബത്തെക്കുറിച്ചും അംബാസഡർ പരാമർശിച്ചു. കുടുംബത്തിന് ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സിദ്ദിഖ് തുബ്ലിക്കത്തിനെ നേരിട്ട് സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു. ഇതിന്റെ ചിത്രം ഇന്ത്യൻ അംബാസഡർ സമൂഹമാധ്യമങ്ങളിൽ വീണ്ടും പങ്കുവെച്ചു. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയും കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഷെയ്ഖ് തിയാബ് ഫുജൈറയിലെ ആശുപത്രികളിലെത്തി സന്ദർശിക്കുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെയും സന്ദർശിച്ച് അനുശോചനം അറിയിക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചത് സിദ്ദിഖിന്റെ ഇരട്ട മക്കളും പേരക്കുട്ടിയും

അപകടത്തിൽ സിദ്ദിഖ് തുബ്ലിക്കത്തിന്റെ ഇരട്ട മക്കളായ മുഹമ്മദ്, മിസ്‌ന, മൂന്ന് വയസ്സുള്ള പേരക്കുട്ടി മുഹമ്മദ് ഫൈസ് എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നുവെന്നും പരസ്പരം മനസ്സിലുള്ള കാര്യങ്ങൾ പോലും അറിയുന്നവരായിരുന്നുവെന്നും സിദ്ദിഖ് ഓർത്തെടുത്തു.

അപകടസമയത്ത് കാറിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യ ആരിഫയ്ക്കും പരിക്കേറ്റിരുന്നു. ഇരട്ട മക്കൾക്ക് 21 വയസ്സ് തികഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴായിരുന്നു അപകടം.

അതേസമയം, അപകടത്തിൽ മരിച്ച നാലാമത്തെ ഇന്ത്യക്കാരനെക്കുറിച്ചുള്ള വിവരവും പുറത്തുവന്നു. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരനാണ് മരിച്ചത്. ഗുജറാത്ത് സ്വദേശികളായ കുടുംബം യുഎഇ സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഫുജൈറ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളും മൂത്ത സഹോദരിയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ അന്വേഷണം തുടരുന്നു

അപകടത്തിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ (E84) തുടർച്ചയായി രണ്ട് അപകടങ്ങൾ നടന്നതായി കണ്ടെത്തി.

ആദ്യ അപകടത്തിൽ ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ അപകടത്തിൽ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കയറ്റിയ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *