
ഫുജൈറ: വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരനായ ഇന്ത്യൻ ബാലൻ ആതിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. യുഎഇ സ്വദേശികളും ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ് കുട്ടിയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തത്. ആതിഫിനെ നേരിട്ട് പരിചയമില്ലാത്തവരും അന്ത്യയാത്രയിൽ പങ്കുചേർന്നത് ഏവരുടെയും കണ്ണ് നനയിച്ചു.
ഗുജറാത്ത് സ്വദേശിയായ ആതിഫിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ സ്വന്തം കുടുംബത്തിന് പോലും കഴിഞ്ഞില്ലെന്നതാണ് ഏറെ വേദനാജനകം. അപകടത്തിൽ പരിക്കേറ്റ പിതാവ് ഇംറാൻ അയ്യൂബ് മൻസൂർ, മാതാവ് സബീന മുഹമ്മദ് ഇംറാൻ, 15 വയസ്സുകാരിയായ സഹോദരി സർമായിൻ ഇംറാൻ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആതിഫിന്റെ മരണവിവരം ഇവരെ അറിയിച്ചിട്ടില്ല.
കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അവരെ കാത്തുനിൽക്കാതെ ഖബറടക്കം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽനിന്നെത്തിയ രണ്ട് ബന്ധുക്കളും കുടുംബവുമായി അടുപ്പമുള്ള ഏതാനും പേരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഖബറടക്കത്തിന്റെ വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി. കുട്ടിയെ നേരിട്ട് അറിയാത്തവരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. പ്രവാസി സമൂഹത്തിന്റെ ഈ സ്നേഹവും പിന്തുണയും ചടങ്ങിനെ വികാരനിർഭരമാക്കി.
ഫുജൈറയിലെ അൽ സഹ്റ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ആതിഫിനെ അൽ ശർയ ഖബർസ്ഥാനിൽ ഖബറടക്കിയത്.
14 പേർ മരിച്ച അപകടം
നവംബർ 12ന് ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ രണ്ട് വാഹനാപകടങ്ങളിലാണ് 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മരിച്ചവരിൽ പത്ത് പേർ യുഎഇ പൗരന്മാരും നാല് പേർ ഇന്ത്യക്കാരുമായിരുന്നു.
ആതിഫിന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് പ്രവാസി സമൂഹം.





