
Qatar Emir Meets UAE National Security ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎഇ അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. ദോഹയിലെ അമീരി ദിവാനിൽ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ശൈഖ് തഹ്നൂൻ ഖത്തർ അമീറിനെ അറിയിച്ചു. അമീറിന് ആരോഗ്യവും സന്തോഷവും ആശംസിച്ച അദ്ദേഹം ഖത്തർ ജനതയ്ക്ക് കൂടുതൽ പുരോഗതിയും വളർച്ചയും നേരുകയും ചെയ്തു.
യുഎഇ പ്രസിഡന്റിനും അവിടുത്തെ ജനങ്ങൾക്കും ഖത്തർ അമീറിന്റെ ആശംസകളും ശൈഖ് തഹ്നൂൻ മുഖേന കൈമാറി. യുഎഇ പ്രസിഡന്റിന് ആരോഗ്യവും ക്ഷേമവും ആശംസിച്ച അമീർ, യുഎഇ ജനതയ്ക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ ഖത്തറും യുഎഇയും തമ്മിലുള്ള സാഹോദര്യബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഖത്തർ ഭാഗത്തുനിന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യുഎഇ ഭാഗത്തുനിന്ന് പ്രസിഡൻഷ്യൽ കോർട്ടിന്റെ വികസനകാര്യങ്ങളുടെയും രക്തസാക്ഷി കുടുംബങ്ങളുടെയും ചുമതലയുള്ള ഉപമേധാവി ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.





