
ദോഹ: 2026–2027 അധ്യയന വർഷത്തേക്കുള്ള ഇന്റേണൽ സ്കോളർഷിപ്പുകളുടെ രണ്ടാം ഘട്ടത്തിൽ ഖത്തറിലെ രണ്ട് സർവകലാശാലകളിലായി 59 പഠനവിഷയങ്ങൾ ഉൾപ്പെടുത്തി. ഖത്തർ യൂണിവേഴ്‌സിറ്റിയിൽ 42 മേജറുകളും ദോഹ യൂണിവേഴ്‌സിറ്റിയിൽ 17 മേജറുകളുമാണ് സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്.
ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഗൈഡൻസ് ആൻഡ് പ്രൊഫഷണൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റായ സാലിഹ് മുഹമ്മദ് അൽ മുഫ്തയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ ടിവിയിലെ ‘ഔർ ലൈഫ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ആദ്യദിവസം തന്നെ ഏകദേശം 500 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
സ്കോളർഷിപ്പിനൊപ്പം പ്രതിമാസ ശമ്പളവും തൊഴിൽ അവസരവും
ഇന്റേണൽ സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഖത്തർ യൂണിവേഴ്‌സിറ്റിയിലോ ദോഹ യൂണിവേഴ്‌സിറ്റിയിലോ പഠനം തുടരാൻ അവസരം ലഭിക്കും. പഠനകാലയളവിൽ പ്രതിമാസ ശമ്പളത്തിന് പുറമെ ഭാവിയിൽ ജോലി നൽകുന്ന ഒരു സർക്കാർ സ്ഥാപനത്തെയും തൊഴിലുടമയായി തിരഞ്ഞെടുക്കാൻ സാധിക്കും.
രജിസ്ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനമേഖലയ്ക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ തൊഴിലുടമയെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തിന് അനുസരിച്ചായിരിക്കണം തൊഴിലുടമയെ തിരഞ്ഞെടുക്കേണ്ടതെന്നും അധികൃതർ വിശദീകരിച്ചു.
തൊഴിലുടമകളുടെ അഭിമുഖവും തിരഞ്ഞെടുപ്പ് നടപടികളും
സ്കോളർഷിപ്പ് ലഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ഹ്യൂമൻ റിസോഴ്‌സ് വിഭാഗം പ്രതിനിധികൾ വിദ്യാർത്ഥികളുമായി അഭിമുഖം നടത്തും. കരാറിൽ ഒപ്പിടുന്നതിന് മുമ്പായിരിക്കും ഈ നടപടികൾ.
ആദ്യ മുൻഗണനയായി തിരഞ്ഞെടുത്ത സ്ഥാപനത്തിന്റെ അഭിമുഖത്തിൽ വിജയിച്ചാൽ അവിടെ പ്രവേശനം ലഭിക്കും. ആദ്യ അഭിമുഖത്തിൽ വിജയിക്കാനായില്ലെങ്കിൽ വിദ്യാർത്ഥിക്ക് രണ്ടാമത്തെ മുൻഗണനയായി തിരഞ്ഞെടുത്ത സ്ഥാപനത്തിൽ അവസരം തേടാം.
രണ്ടാമത്തെ അഭിമുഖത്തിലും വിജയിക്കാത്ത സാഹചര്യമുണ്ടായാൽ മൂന്നാമതൊരു തൊഴിലുടമയെ കണ്ടെത്തി നൽകാൻ മന്ത്രാലയം ശ്രമിക്കുമെന്നും സാലിഹ് മുഹമ്മദ് അൽ മുഫ്ത വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക പിന്തുണയും പഠനശേഷം തൊഴിൽ സാധ്യതയും ഉറപ്പാക്കുക എന്നതാണ് ഇന്റേണൽ സ്കോളർഷിപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.





