
Big Ticket Winners UAE;ദുബൈ: ഒറ്റ ഫോൺ കോളിലൂടെ ജീവിതം മാറിമറിഞ്ഞാൽ എങ്ങനെയുണ്ടാകും? യുഎഇയിലെ പ്രമുഖ നറുക്കെടുപ്പ് പദ്ധതിയായ ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനം നേടിയ അഞ്ച് പേരുടെ ജീവിതകഥകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സമ്മാനത്തുക സ്വന്തമാക്കിയ ശേഷം ആ പണം എങ്ങനെ വിനിയോഗിച്ചുവെന്നും വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങൾ എങ്ങനെ യാഥാർഥ്യമാക്കിയെന്നുമാണ് വിജയികൾ പങ്കുവയ്ക്കുന്നത്.
വീട് വാങ്ങുക, മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക, സ്വന്തം ബിസിനസ് ആരംഭിക്കുക, മുടങ്ങിപ്പോയ പഠനം തുടരുക തുടങ്ങി ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങളായിരുന്നു. സമ്മാനത്തുക ജീവിതത്തിൽ പുതിയ അധ്യായം തുറന്നതായും വിജയികൾ പറയുന്നു.
മകന്റെ പഠനവും മാതാപിതാക്കൾക്ക് വീടും; 30 മില്യൺ ദിർഹം നേടിയ അന്ന ലീ
2026 ജനുവരിയിൽ 30 മില്യൺ ദിർഹത്തിന്റെ ഒന്നാം സമ്മാനം നേടിയ ഫിലിപ്പീൻസ് സ്വദേശിനി അന്ന ലീ ഗയോംഗൻ ആദ്യം പരിഗണിച്ചത് കുടുംബത്തിന്റെ ഭാവിയായിരുന്നു. മകന്റെ വിദ്യാഭ്യാസം ഉറപ്പാക്കുകയും മാതാപിതാക്കൾക്ക് വീട് വാങ്ങിക്കൊടുക്കുകയും സഹോദരങ്ങൾക്ക് ബിസിനസ് തുടങ്ങാൻ സഹായം നൽകുകയും ചെയ്തു.
ഇതിനു പുറമെ സ്വന്തം നാട്ടിൽ പള്ളികളുടെ നിർമാണത്തിന് സഹായം നൽകാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫൗണ്ടേഷൻ ആരംഭിക്കാനും അവർ മുന്നോട്ടുവന്നു. പണമില്ലാത്തതിനാൽ അടിയന്തര ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി സ്ഥാപിക്കണമെന്നതാണ് അവരുടെ വലിയ സ്വപ്നം.
ദുബൈയിൽ സ്വന്തം വീട്; ഇനി ബിസിനസ് സ്വപ്നം
2026 ജൂലൈയിൽ 25 മില്യൺ ദിർഹം നേടിയ ഇന്ത്യക്കാരിയായ കനിക അറോറയുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് എന്നതായിരുന്നു. 42കാരിയായ കനിക ആ സ്വപ്നം ദുബൈയിൽ വീട് വാങ്ങിയതിലൂടെ സാക്ഷാത്കരിച്ചു.
ഇപ്പോൾ യുഎഇയിൽ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും അവർ ആലോചിക്കുകയാണ്. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം.
സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ്; വീട് വാങ്ങി നിക്ഷേപവും നടത്തി
ബംഗ്ലാദേശ് സ്വദേശിയായ ഇലക്ട്രീഷ്യൻ മുഹമ്മദ് നാസർ ബലാൽ 2025 ജൂലൈയിൽ 25 മില്യൺ ദിർഹത്തിന്റെ സമ്മാനം നേടിയത് സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ്.
സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ട അദ്ദേഹം തന്റെ വിഹിതം ഉപയോഗിച്ച് ബംഗ്ലാദേശിൽ കുടുംബത്തിന് വീട് വാങ്ങുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന രണ്ട് ആഗ്രഹങ്ങളും ഇതോടെ യാഥാർഥ്യമായി.
ഒരു ലക്ഷം ദിർഹം സമ്മാനം; മുടങ്ങിയ പഠനം വീണ്ടും തുടങ്ങി ഡോക്ടർ
എല്ലാ വിജയികളും കോടികൾ നേടിയവരല്ല. ഈജിപ്ത് സ്വദേശിയായ ഡോക്ടർ ഇസ്ലാം ഷഫ്ഷാക്കിന് 2025 ഒക്ടോബറിൽ ‘ഡിയർ ബിഗ് ടിക്കറ്റ്’ വഴി ലഭിച്ചത് ഒരു ലക്ഷം ദിർഹമായിരുന്നു.
ലോഞ്ചിവിറ്റി മെഡിസിൻ (Longevity Medicine) എന്ന മേഖലയിൽ വർഷങ്ങളായി തുടരാൻ ആഗ്രഹിച്ചിരുന്ന പഠനം വീണ്ടും ആരംഭിക്കാൻ സമ്മാനത്തുക സഹായിച്ചു. ഭാവിയിൽ കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഈ മേഖലയിൽ പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
മക്കളുടെ ഭാവിക്ക് സുരക്ഷ ഒരുക്കി നേപ്പാൾ സ്വദേശി
2023 ഫെബ്രുവരിയിൽ 23 മില്യൺ ദിർഹം നേടിയ നേപ്പാൾ സ്വദേശിയായ രഞ്ജിത് കുമാർ പാലിന്റെ മുൻഗണനയും കുടുംബത്തിന്റെ ഭാവിയായിരുന്നു. 20 സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്.
രണ്ട് ആൺമക്കളുടെ പിതാവായ രഞ്ജിത്ത് നാട്ടിലുള്ള കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഒരുക്കാനുമാണ് സമ്മാനത്തുക വിനിയോഗിച്ചത്.
സമ്മാനത്തുകയേക്കാൾ വലുത് സ്വപ്നങ്ങളുടെ പൂർത്തീകരണം
ഓരോ വിജയിയുടെയും ജീവിതലക്ഷ്യങ്ങൾ വ്യത്യസ്തമാണെങ്കിലും കുടുംബത്തിന്റെ സന്തോഷവും സാമ്പത്തിക സുരക്ഷയും വ്യക്തിപരമായ സ്വപ്നങ്ങളുടെ പൂർത്തീകരണവുമാണ് ഈ കഥകളിലെ പൊതുവായ ഘടകം. ബിഗ് ടിക്കറ്റ് സമ്മാനത്തുക ഇവരുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നുകൊടുത്തുവെന്നാണ് വിജയികളുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.