
Kuwait Orders Demolition Unsafe Buildings കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുയൂഖ് മേഖലയിൽ അപകടാവസ്ഥയിലുള്ള 494 കെട്ടിടങ്ങൾ രണ്ടാഴ്ചയ്ക്കകം ഒഴിപ്പിച്ച് പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഉത്തരവ്. കെട്ടിടങ്ങൾ ഏതു സമയത്തും തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും മനുഷ്യജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂർ പുറപ്പെടുവിച്ച അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം, ബന്ധപ്പെട്ട കെട്ടിട ഉടമകൾ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമി’ൽ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കകം കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിച്ചുനീക്കണം.
ബ്ലോക്ക് രണ്ടിലും മൂന്നിലുമായി 494 കെട്ടിടങ്ങൾ
ജലീബ് അൽ ശുയൂഖിലെ രണ്ട് ബ്ലോക്കുകളിലാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. ബ്ലോക്ക് മൂന്നിൽ 257 കെട്ടിടങ്ങളും ബ്ലോക്ക് രണ്ടിൽ 237 കെട്ടിടങ്ങളുമാണ് പട്ടികയിലുള്ളത്. കെട്ടിടങ്ങളുടെ പ്ലോട്ട് നമ്പറും ഓട്ടോമേറ്റഡ് റഫറൻസ് നമ്പറും ഉൾപ്പെടുന്ന പട്ടിക നേരത്തേ മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ചിരുന്നു.
പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ പരിശോധന, ഗുണനിലവാര നിയന്ത്രണ, ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് നടപടി. പരിശോധനയിൽ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ ഉറപ്പില്ലെന്നും അവ തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
പൊളിച്ചുനീക്കിയില്ലെങ്കിൽ ഉടമകളുടെ ചെലവിൽ നടപടി
നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റി അധികൃതർ നേരിട്ട് നടപടി സ്വീകരിക്കും. എന്നാൽ കെട്ടിടങ്ങൾ പൂർണമായും ഒഴിപ്പിച്ചെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അധികൃതർ പൊളിച്ചുനീക്കൽ നടത്തുക. ഇതിന്റെ മുഴുവൻ ചെലവും ബന്ധപ്പെട്ട കെട്ടിട ഉടമകളിൽനിന്ന് ഈടാക്കും.
ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുതന്നെ ഉടമകൾക്കുള്ള ഔദ്യോഗിക അറിയിപ്പായി കണക്കാക്കും. ഓരോ ഉടമയ്ക്കും പ്രത്യേകം നോട്ടീസ് നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജലീബിലെ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു
ജലീബ് അൽ ശുയൂഖിലെ കെട്ടിടങ്ങളിലെ നിയമലംഘനങ്ങളും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കുവൈത്ത് അധികൃതർ ഘട്ടംഘട്ടമായി നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി നേരത്തേ 263 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പുതിയ ഉത്തരവോടെ 494 കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്.
മേഖലയിലെ അനധികൃത താമസസൗകര്യങ്ങൾ, കെട്ടിടങ്ങളിലെ സുരക്ഷാ വീഴ്ചകൾ, അമിത ജനത്തിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വിപുലമായ സർക്കാർ നടപടികളുടെ ഭാഗമാണിത്. താമസക്കാരെ ഒഴിപ്പിക്കുന്നതിനു മുമ്പ് കെട്ടിടങ്ങൾ പൂർണമായും ഒഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പാക്കും.





