
Kuwait Strengthens Military Cooperation with NATO കുവൈത്ത് സിറ്റി: നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനായ (നാറ്റോ)യുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നാറ്റോയുടെ അലൈഡ് ജോയിന്റ് ഫോഴ്സ് കമാൻഡ് പ്രതിനിധി സംഘത്തെ കുവൈത്ത് വ്യോമസേന സ്വീകരിച്ചു.സലേം അൽ സബാഹ് വ്യോമതാവളത്തിലായിരുന്നു സന്ദർശനം. സൗഹൃദ രാജ്യങ്ങളുമായും സൈനിക സംഘടനകളുമായും സഹകരണം വർധിപ്പിക്കുകയും പ്രവർത്തനപരിചയവും സാങ്കേതിക അറിവും കൈമാറുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്.
വ്യോമ നിരീക്ഷണം, ആകാശമാർഗമുള്ള തിരച്ചിൽ, രഹസ്യാന്വേഷണം, നിരീക്ഷണ നടപടിക്രമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ശിൽപശാലയും നടന്നു. വ്യോമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനരീതികളും നടപടിക്രമങ്ങളും പങ്കെടുത്തവർ ചർച്ച ചെയ്തു. ഇരു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ അനുഭവങ്ങളും അറിവുകളും കൈമാറി.
പ്രവർത്തനശേഷിയും പരിശീലനവും മെച്ചപ്പെടുത്തും
അന്താരാഷ്ട്ര സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വ്യോമസേനയുടെ പ്രവർത്തനപരവും പരിശീലനപരവുമായ ശേഷി വികസിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമപ്രവർത്തന രംഗത്തെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് സൈനിക ശേഷി നവീകരിക്കാനും വിവിധ രാജ്യങ്ങളിലെ സൈനിക സംഘടനകളുമായി പ്രൊഫഷണൽ ബന്ധം മെച്ചപ്പെടുത്താനും ഇത്തരം സഹകരണങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സമുദ്ര ഭീകരവിരുദ്ധ പരിശീലനവും പൂർത്തിയാക്കി
ഇതിനിടെ, കുവൈത്തിലെ നാറ്റോ ഇസ്താംബുൾ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ് റീജിയണൽ സെന്ററിൽ നവംബർ 16 മുതൽ 19 വരെ സംഘടിപ്പിച്ച പ്രത്യേക സമുദ്ര ഭീകരവിരുദ്ധ പരിശീലന കോഴ്സും പൂർത്തിയായി. നാറ്റോയുടെ തുർക്കിയിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ മാരിടൈം സെക്യൂരിറ്റിയുമായി സഹകരിച്ചായിരുന്നു പരിശീലനം. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പരിശീലനാർഥികൾ പങ്കെടുത്തു.
സമുദ്രാതിർത്തികളിലെ സുരക്ഷാ പരിശോധനകൾ, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, രാസ, ജൈവ, റേഡിയോളജിക്കൽ, ആണവ ഭീഷണികളെ നേരിടൽ എന്നിവയായിരുന്നു പരിശീലനത്തിലെ പ്രധാന വിഷയങ്ങൾ. പ്രായോഗിക പരിശീലനങ്ങളും സാങ്കൽപ്പിക സമുദ്രസാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അഭ്യാസങ്ങളും സംഘടിപ്പിച്ചു.
പ്രാദേശിക സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും സൈനിക ശേഷി വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ വ്യക്തമാക്കുന്നതെന്ന് റീജിയണൽ സെന്റർ ഡയറക്ടർ ഇമാദ് അൽ കന്ദരി പറഞ്ഞു.





