
Kuwait night safety ranking : കുവൈത്ത് സിറ്റി: രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയിൽ കുവൈത്തിന് അഭിമാന നേട്ടം. ഗാലപ്പ് പുറത്തിറക്കിയ 2026ലെ ആഗോള സുരക്ഷാ റിപ്പോർട്ട് പ്രകാരം, കുവൈത്തിലെ 93 ശതമാനം പേരും രാത്രിയിൽ തനിച്ച് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി വ്യക്തമാക്കി. ഇതോടെ ആഗോള പട്ടികയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തെത്തി.
നിയമവാഴ്ചയുടെയും സുരക്ഷയുടെയും കാര്യത്തിലും കുവൈത്ത് മികച്ച സ്കോർ നേടി. നിയമവാഴ്ചാ സൂചികയിൽ 100ൽ 92 പോയിന്റാണ് രാജ്യത്തിന് ലഭിച്ചത്. രാത്രികാല സുരക്ഷയുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രകടനവും റിപ്പോർട്ടിൽ ശ്രദ്ധേയമാണ്. 2025ലെ കണക്കുകൾ പ്രകാരം ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളിൽ നാല് ജിസിസി രാജ്യങ്ങൾ ഇടംപിടിച്ചു.
രാത്രികാല സുരക്ഷയുടെ പട്ടികയിൽ 96 ശതമാനം പേരുടെ സുരക്ഷിതത്വബോധത്തോടെ യുഎഇ ഒന്നാം സ്ഥാനത്തെത്തി. ഇതേ സ്കോർ നേടിയ സിംഗപ്പൂർ രണ്ടാം സ്ഥാനത്താണ്. 95 ശതമാനം പേരുടെ പിന്തുണയോടെ സൗദി അറേബ്യ മൂന്നാം സ്ഥാനവും 93 ശതമാനവുമായി താജിക്കിസ്ഥാൻ നാലാം സ്ഥാനവും നേടി. ഇതേ സ്കോറോടെ കുവൈത്ത് അഞ്ചാം സ്ഥാനത്തെത്തി. 92 ശതമാനം പേരുടെ സുരക്ഷിതത്വബോധത്തോടെ ബഹ്റൈൻ ആറാം സ്ഥാനവും സ്വന്തമാക്കി.
നിയമവാഴ്ചാ സൂചികയിലും ഗൾഫ് രാജ്യങ്ങൾ മികച്ച സ്കോർ നേടി. യുഎഇക്ക് 95 പോയിന്റും ബഹ്റൈന് 93 പോയിന്റും ലഭിച്ചു. കുവൈത്തിനും സൗദി അറേബ്യക്കും 92 പോയിന്റ് വീതമാണ് ലഭിച്ചത്.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വബോധം, പ്രാദേശിക പൊലീസിലുള്ള വിശ്വാസം, മോഷണത്തിന് ഇരയാകാതിരിക്കാനുള്ള സുരക്ഷ, ആക്രമണമോ കവർച്ചയോ നേരിടാനുള്ള സാധ്യത എന്നിവയാണ് നിയമവാഴ്ചാ സൂചിക തയ്യാറാക്കാൻ പരിഗണിക്കുന്ന നാല് പ്രധാന ഘടകങ്ങൾ.
പൂജ്യം മുതൽ 100 വരെയുള്ള സ്കെയിലിലാണ് സൂചികയുടെ സ്കോർ കണക്കാക്കുന്നത്. ഉയർന്ന സ്കോർ രാജ്യത്തെ കൂടുതൽ സുരക്ഷിതമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.





