
dubai-run-2026-malayali-woman-runs-10km-in-saree;ദുബായ്: ചുവന്ന സാരി, പച്ച ബ്ലൗസ്, മുടിയിൽ മുല്ലപ്പൂ… ഈ വേഷത്തിൽ 10 കിലോമീറ്റർ ഓടി ദുബായ് റണ്ണിൽ താരമായി മലയാളി വനിത. യുഎഇയുടെ 55-ാമത് ദേശീയ ദിനത്തിന് ആദരമർപ്പിക്കാനായി ദുബായ് റൺ 2026ൽ വ്യത്യസ്തമായ വേഷത്തിൽ പങ്കെടുത്ത കാഞ്ചന നായരാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നവംബർ 22 ഞായറാഴ്ച നടന്ന ദുബായ് റണ്ണിലാണ് കാഞ്ചന സാരിയുടുത്ത് 10 കിലോമീറ്റർ ദൂരം ഓടിയത്. യുഎഇ പതാകയുടെ നിറങ്ങളോട് സാമ്യമുള്ള ചുവപ്പും പച്ചയും വെള്ളയും ചേർന്ന വേഷമാണ് ഇതിനായി തിരഞ്ഞെടുത്തത്. പരിപാടിയിൽ പങ്കെടുത്ത തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ ഒറ്റ ദിവസംകൊണ്ട് അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്.
ഇത് കാഞ്ചനയുടെ അഞ്ചാമത്തെ ദുബായ് റണ്ണായിരുന്നു. മറ്റ് ചിലർ അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പരമ്പരാഗത വേഷങ്ങളിൽ പങ്കെടുത്തപ്പോൾ, കൂടുതൽ വെല്ലുവിളി നിറഞ്ഞ 10 കിലോമീറ്റർ വിഭാഗം തിരഞ്ഞെടുത്ത് ഭൂരിഭാഗം ദൂരവും ഓടിയാണ് കാഞ്ചന ശ്രദ്ധേയയായത്.
കേരളത്തിനും സാരിയിലൂടെ ആദരം
യുഎഇക്ക് ആദരമർപ്പിക്കുന്നതിന് മുമ്പ് കേരളത്തിനും കാഞ്ചന സാരിയിലൂടെ ആദരം അർപ്പിച്ചിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടന്ന ദുബായ് റൈഡിൽ കേരള സാരിയുടുത്താണ് കാഞ്ചന സൈക്കിൾ ചവിട്ടിയത്. കേരളത്തിന്റെ 70-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ വേറിട്ട പങ്കാളിത്തം.
26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാഞ്ചന വീണ്ടും സൈക്കിൾ ചവിട്ടിയത്. പരിപാടിക്ക് തൊട്ടുമുൻപത്തെ രാത്രിയാണ് പിങ്ക് സൈക്കിൾ സ്വന്തമാക്കിയത്. പുറത്ത് പരിശീലനത്തിന് സമയമില്ലാതിരുന്നതിനാൽ കെട്ടിടത്തിന്റെ ഇടനാഴിയിൽ സാരിയുടുത്ത് പരിശീലനം നടത്തുകയായിരുന്നു. പിറ്റേന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ സാരിയുടുത്ത് സൈക്കിൾ ചവിട്ടിയ കാഞ്ചനയുടെ വീഡിയോയും വൈറലായി. ഇൻസ്റ്റഗ്രാമിൽ 4.3 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്കും ലഭിച്ചത്.
ദുബായിലെത്തിയത് 14 വർഷം മുമ്പ്
കേരളത്തിൽ നിന്നുള്ള കാഞ്ചന നായർ 14 വർഷം മുമ്പാണ് ദുബായിലെത്തിയത്. നിലവിൽ ദുബായിൽ താമസിക്കുന്ന കാഞ്ചനയ്ക്ക് അജ്മാനിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് സ്ഥാപനവുമുണ്ട്. രണ്ട് വർഷം മുമ്പാണ് സംരംഭകയെന്ന നിലയിൽ പുതിയ യാത്ര ആരംഭിച്ചത്.
ഓട്ടത്തിലും സൈക്ലിങ്ങിലും മാത്രമല്ല, നീന്തൽ, ക്രിക്കറ്റ്, ക്ലാസിക്കൽ നൃത്തം, നാടകം, സിനിമ തുടങ്ങിയ മേഖലകളിലും കാഞ്ചന സജീവമാണ്. രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പഴംചക്ക’, ‘മോഹ’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
https://www.instagram.com/reel/DgCe21DIprC/?cnvx=bGJnMmVseG53dnNz
ഫിറ്റ്നസിനോടുള്ള താൽപര്യവും ആത്മവിശ്വാസവും കൈമുതലാക്കി മുന്നേറുന്ന കാഞ്ചനയുടെ വേറിട്ട പ്രകടനം പ്രവാസി മലയാളികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. യുഎഇയോടുള്ള സ്നേഹവും സ്വന്തം നാടായ കേരളത്തോടുള്ള അഭിമാനവും ഒരുപോലെ പ്രകടിപ്പിച്ച കാഞ്ചനയുടെ സാരിയിലുള്ള ഓട്ടം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി നേടുന്നു.





