
Qatar solar-powered sports store : ദോഹ: ഖത്തറിലെ സ്പോർട്സ് ക്ലബ്ബുകളിൽ പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്റ്റോർ അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ തുറന്നു. പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ് പുതിയ സ്റ്റോർ പ്രവർത്തിക്കുന്നത്.
പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും കായിക മേഖലയിലെ സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് സ്റ്റോർ ആരംഭിച്ചതെന്ന് ക്ലബ് അറിയിച്ചു.
പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ പരിഹാരങ്ങൾ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകുന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനും നയങ്ങൾക്കും അനുസൃതമായാണ് പദ്ധതിയെന്നും ക്ലബ് വ്യക്തമാക്കി.
കായിക മേഖലയിലും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ ചുവടുവയ്പ്പായാണ് പുതിയ സ്റ്റോറിനെ വിലയിരുത്തുന്നത്.





