
Flydubai Flight Bound for Dubai Diverted to Kuwait കുവൈത്ത്: സാങ്കേതിക തകരാറിനെ തുടർന്ന് പോളണ്ടിലെ ക്രാക്കോവിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. നവംബർ 24 ചൊവ്വാഴ്ചയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഫ്ലൈദുബായുടെ FZ1788 വിമാനമാണ് യാത്രാമധ്യേ സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്ന് കുവൈത്തിലേക്ക് വഴിതിരിച്ചുവിട്ടത്. ക്രാക്കോവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു വിമാനം സർവീസ് നടത്തിയത്.
വിമാനത്തിലെ സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞതിനെ തുടർന്ന് പൈലറ്റുമാർ വിമാനം കുവൈത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് സർവീസ് നടത്തിയത്. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.
യാത്രക്കാരുടെ തുടർയാത്രയ്ക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. യാത്രാ ക്രമീകരണങ്ങളിലുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.
സാങ്കേതിക തകരാറിന്റെ വിശദാംശങ്ങളോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണമോ എയർലൈൻ പുറത്തുവിട്ടിട്ടില്ല.





