
WhatsApp Web Security;ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് നിർണായക മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ഓഫിസുകളിലെയും പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലെയും വാട്സ്ആപ്പ് വെബ് ഉപയോഗത്തിന് ശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്യാത്തത് വലിയ സുരക്ഷാ ഭീഷണിയാകാമെന്നാണ് മുന്നറിയിപ്പ്. ബ്രൗസർ വിൻഡോ അടച്ചാൽ മാത്രം അക്കൗണ്ട് സുരക്ഷിതമാകില്ലെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച സുരക്ഷാ നിർദേശം നൽകിയത്. നവംബർ 18ന് പുറത്തിറക്കിയ ‘Safe Use of WhatsApp Web’ എന്ന ഉപദേശക കുറിപ്പിലാണ് ജാഗ്രതാ നിർദേശങ്ങൾ വ്യക്തമാക്കിയത്.
നിരവധി പേർ ജോലിസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളിലും മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപയോഗശേഷം അക്കൗണ്ടിൽനിന്ന് ലോഗ് ഔട്ട് ചെയ്യാതെ ബ്രൗസർ ടാബ് മാത്രം അടയ്ക്കുന്നത് അപകടകരമാണ്. പിന്നീട് അതേ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചേക്കാം.
ഇതുവഴി സ്വകാര്യ സന്ദേശങ്ങൾ, കോൺടാക്റ്റ് വിവരങ്ങൾ, ഗ്രൂപ്പ് ചാറ്റുകൾ എന്നിവ മറ്റുള്ളവർക്ക് കാണാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിവിവരങ്ങൾ ചോർത്തുന്നതിനും ഇത് വഴിയൊരുക്കിയേക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
1. ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യുക: വാട്സ്ആപ്പ് വെബ് ഉപയോഗിച്ചുകഴിഞ്ഞാൽ ബ്രൗസർ ടാബ് അടയ്ക്കുന്നതിന് പകരം അക്കൗണ്ടിൽനിന്ന് കൃത്യമായി ലോഗ് ഔട്ട് ചെയ്യണം.
2. പൊതുകമ്പ്യൂട്ടറുകളിൽ ഉപയോഗം ഒഴിവാക്കുക: സൈബർ കഫേകൾ, ഹോട്ടലുകൾ, പൊതുഇടങ്ങളിലെ കമ്പ്യൂട്ടറുകൾ, മറ്റുള്ളവർ ഉപയോഗിക്കുന്ന സിസ്റ്റങ്ങൾ എന്നിവയിൽ വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
3. ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക: വിശ്വസ്തമായ കമ്പ്യൂട്ടറിൽ താൽക്കാലികമായി വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടിവന്നാൽ ഇൻകോഗ്നിറ്റോ മോഡ് പ്രയോജനപ്പെടുത്താം. എന്നാൽ ഇതും പൂർണ സുരക്ഷ ഉറപ്പാക്കുന്നില്ല. ലോഗ് ഔട്ട് ചെയ്യേണ്ടത് നിർബന്ധമാണ്.
4. രഹസ്യ വിവരങ്ങൾ കൈമാറരുത്: ഔദ്യോഗിക രേഖകൾ, സാമ്പത്തിക വിവരങ്ങൾ, അതീവ രഹസ്യമായ വിവരങ്ങൾ എന്നിവ പങ്കിടുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.
5. അക്കൗണ്ടിലെ പ്രവർത്തനങ്ങൾ പരിശോധിക്കുക: നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ കാണുകയോ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ അക്കൗണ്ടിന്റെ സുരക്ഷ പരിശോധിക്കണം.
6. സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യുക: കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ, സുരക്ഷാ സോഫ്റ്റ്വെയറുകൾ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യണം.
വാട്സ്ആപ്പ് അക്കൗണ്ടിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ആപ്പിലെ ‘Linked Devices’ വിഭാഗം പരിശോധിച്ച് പരിചയമില്ലാത്ത ഉപകരണങ്ങൾ ലോഗ് ഔട്ട് ചെയ്യണം. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറിലോ cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നൽകാം.
ചെറിയൊരു അശ്രദ്ധ പോലും സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാകാം. അതിനാൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ലോഗ് ഔട്ട് ചെയ്യുന്നത് പതിവാക്കണമെന്നാണ് സൈബർ സുരക്ഷാ നിർദേശം.





