
Abu Dhabi Kochi Flight Incident;കൊച്ചി: ആകാശയാത്രയ്ക്കിടെ സഹയാത്രികനെ മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. എറണാകുളം വൈറ്റില തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെയാണ് നെടുമ്പാശേരി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 24 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E1404 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ അകലാട് സ്വദേശി യൂസഫാണ് ആക്രമണത്തിന് ഇരയായത്. 50 വയസ്സുകാരനായ യൂസഫും റോഷനും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
തർക്കത്തിനിടെ റോഷൻ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. അടിയേറ്റതോടെ യൂസഫിന്റെ കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ ധരിച്ചിരുന്ന ബെൽറ്റ് അഴിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. സഹയാത്രികരും വിമാനത്തിലെ ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
സംഭവത്തിൽ ഇൻഡിഗോയുടെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മനഃപൂർവം പരുക്കേൽപ്പിക്കൽ, അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.
പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തമ്മിലുണ്ടായ ഈഗോ ക്ലാഷാണ് തർക്കത്തിന് കാരണമെന്നാണ് സൂചന. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.