Indigo flight passenger arrested ആകാശത്ത് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം; സഹയാത്രികനെ ബെൽറ്റ് കൊണ്ട് കഴുത്തുഞെരിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ

Indigo flight passenger arrested കൊച്ചി: അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ രൂക്ഷമായ സംഘർഷം. സഹയാത്രികന്റെ മുഖത്ത് ഇടിക്കുകയും സ്വന്തം ബെൽറ്റ് ഊരി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില തൈക്കൂടം സ്വദേശി റോഷൻ മാർട്ടിൻ (36) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരുക്കേറ്റ തൃശൂർ അകലാട് സ്വദേശി യൂസഫിനെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവംബർ 24ന് രാത്രി ഏഴുമണിയോടെ ഇൻഡിഗോയുടെ 6E1404 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ അടുത്തടുത്ത സീറ്റുകളിലിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

റോഷൻ മാർട്ടിൻ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിച്ചതോടെ ഇയാളുടെ കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ റോഷൻ ധരിച്ചിരുന്ന ബെൽറ്റ് ഊരി യൂസഫിന്റെ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വിമാനം കൊച്ചിയിലെത്തിയ ഉടൻ ഇൻഡിഗോയുടെ സുരക്ഷാ വിഭാഗം പൊലീസിൽ പരാതി നൽകി. തുടർന്ന് നെടുമ്പാശേരി വിമാനത്താവള പൊലീസ് റോഷൻ മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നോ എന്ന സംശയം ഉയർന്നെങ്കിലും റോഷൻ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ ഈഗോ തർക്കമാകാം സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളും ചുമത്തിയതായി റിപ്പോർട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *