
Iranian attack in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സുപ്രധാന കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്ത്വാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ പ്രസ്താവന നമ്പർ 83-ന്റെ തുടർച്ചയായാണ് പ്രസ്താവന നമ്പർ 84 പുറത്തുവിട്ടത്. പരിക്കേറ്റ ഇറ്റാലിയൻ പൗരന്മാർ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, പരിക്കേറ്റ മറ്റുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ഇതിന് മുമ്പ് കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായും സായുധ സേന അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാന്റെ ആക്രമണത്തിൽ രാജ്യത്തെ സുപ്രധാന കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരിൽ ഒരു കുവൈത്ത് പൗരനും രണ്ട് ഇറ്റാലിയൻ പൗരന്മാരും ഒരു പാകിസ്ഥാൻ പൗരനും ഉൾപ്പെട്ടിരുന്നു. ഇവരെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആക്രമണത്തിൽ വസ്തുനാശം സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സായുധ സേന ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സൈന്യം നിരന്തര ജാഗ്രതയിലാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.





