
Two-Day Inspection Campaign in Kuwait’s Khaitan കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും നിയമവിരുദ്ധ കെട്ടിട നിർമാണങ്ങളും മറ്റ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഖൈത്താൻ മേഖലയിൽ നടത്തിയ രണ്ടുദിവസത്തെ സംയുക്ത പരിശോധനയിൽ 1,340 നടപടികൾ സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റി, കുവൈത്ത് ഫയർ ഫോഴ്സ്, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവ പരിശോധനയിൽ പങ്കെടുത്തു.
കെട്ടിടങ്ങളുടെ അതിർത്തി ലംഘിച്ചുള്ള നിർമാണം, സർക്കാർ ഭൂമിയിലേക്കുള്ള അനധികൃത വിപുലീകരണം, റോഡുകൾ കൈയേറൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ, ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നിവ പാലിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു.
പരിശോധനയിൽ സർക്കാർ ഭൂമി കൈയേറിയ നിരവധി കെട്ടിടങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ കണ്ടെത്തി. റോഡ് കൈയേറ്റം, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടികൾ സ്വീകരിച്ചു.
സർക്കാർ ഭൂമി സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ജലീബ് അൽ ഷുയൂഖിൽ ആരംഭിച്ച പരിശോധന ഖൈത്താനിലേക്കും വ്യാപിപ്പിച്ചതായും കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലേക്കും ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.