
ജിസാൻ: സൗദി അറേബ്യയിലെ ജിസാനിലുള്ള അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നേപ്പാൾ സ്വദേശിയായ തൊഴിലാളിയാണ് ആക്രമണത്തിൽ മരിച്ചത്. വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെത്തുടർന്ന് എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി. എന്നാൽ അധികൃതർ നടത്തിയ അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും വിവരമുണ്ട്.
ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകിയതായി സഖ്യസേന അറിയിച്ചു. ഹൂതി കേന്ദ്രങ്ങൾക്കെതിരെ ഏകദേശം 500 ആക്രമണങ്ങൾ നടത്തിയെന്നാണ് സഖ്യസേനയുടെ അവകാശവാദം.
ആക്രമണത്തെത്തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ഗൗരവതരമായിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.





