
Four Black Point Reductions for Safe Driving അബൂദബി: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരം. അബൂദബി പൊലീസിന്റെ ‘സെലിബ്രേറ്റ് സേഫ്ലി’ (Celebrate Safely) പദ്ധതിയിലൂടെയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. ട്രാഫിക് നിയമങ്ങൾ പാലിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ഡിസംബർ 1 മുതൽ 3 വരെ നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നവർക്കാണ് നാല് പോയിന്റുകൾ കുറയ്ക്കാൻ അർഹത ലഭിക്കുക.
ദേശീയ ദിനാഘോഷ വേളയിൽ റോഡ് സുരക്ഷ ഉറപ്പാക്കുകയും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അബൂദബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനയാത്രക്കാർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ട്രാഫിക് നിയമങ്ങളും വാഹന അലങ്കാരവുമായി ബന്ധപ്പെട്ട നിർദേശങ്ങളും പാലിക്കുമെന്ന് ഉറപ്പുനൽകുന്ന പ്രതിജ്ഞയിൽ ഒപ്പിടണം.
പാലിക്കേണ്ട പ്രധാന നിയമങ്ങൾ
ഡിസംബർ 1 മുതൽ 3 വരെയുള്ള കാലയളവിൽ വാഹനമോടിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അബൂദബി പൊലീസ് നിർദേശിച്ചു:
- വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
- അനുമതിയില്ലാത്ത വാഹന റാലികളോ റോഡുകളിലെ കൂട്ടായ്മകളോ സംഘടിപ്പിക്കരുത്.
- ഗതാഗതം തടസ്സപ്പെടുത്തുകയോ റോഡുകൾ അടയ്ക്കുകയോ ചെയ്യരുത്.
- വാഹനമോടിക്കുമ്പോഴോ യാത്രക്കാരായിരിക്കുമ്പോഴോ കാൽനടയാത്രക്കാരായിരിക്കുമ്പോഴോ പാർട്ടി സ്പ്രേ ക്യാനുകൾ ഉപയോഗിക്കരുത്.
- വാഹനത്തിന്റെ ജനലുകളിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചായരുത്.
- റോഡുകളിൽ അഭ്യാസപ്രകടനങ്ങളോ അപകടകരമായ പ്രവൃത്തികളോ നടത്തരുത്.
- പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണം.
വാഹന അലങ്കാരത്തിനും നിയന്ത്രണങ്ങൾ
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുമ്പോഴും നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ കാഴ്ച മറയ്ക്കുന്ന സ്റ്റിക്കറുകൾ പതിക്കരുത്. നമ്പർ പ്ലേറ്റുകൾ മറയ്ക്കുകയോ വാഹനത്തിന്റെ നിറം മാറ്റുകയോ ചെയ്യരുത്. അനുമതിയില്ലാത്ത രൂപമാറ്റങ്ങളും ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും അനുവദനീയമല്ല.
വാഹനമോടിക്കുന്നയാളുടെ കാഴ്ച തടസ്സപ്പെടുത്തുന്ന അലങ്കാരങ്ങൾ ഒഴിവാക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് പട്രോളിങ്ങും സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
പദ്ധതിയിൽ പങ്കെടുക്കാൻ അബൂദബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ es.adpolice.gov.ae/celebratesafely സന്ദർശിച്ച് ട്രാഫിക് പ്രതിജ്ഞയിൽ ഒപ്പിടണം. പദ്ധതിയുടെ നിബന്ധനകൾ അംഗീകരിക്കുകയും നിശ്ചിത ദിവസങ്ങളിൽ നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാകാതെ വാഹനമോടിക്കുകയും വേണം.
നിബന്ധനകൾ പാലിക്കുന്നവർക്ക് ഡ്രൈവിങ് രേഖയിൽനിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കും. ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതവും ഉത്തരവാദിത്തപരവുമാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അബൂദബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.