UAE National Day 2026;യുഎഇ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുന്നവരാണോ? ഒന്ന് ശ്രദ്ധിക്കൂ! കാറിൽ ഈ കാര്യങ്ങൾ ചെയ്താൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി പൊലീസ്

UAE National Day 2026;ദുബൈ: യുഎഇയുടെ 55-ാമത് ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നതിനിടെ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും കർശന മാർഗനിർദേശങ്ങളുമായി പൊലീസ്. ഡിസംബർ 2-ന് നടക്കുന്ന ദേശീയദിനാഘോഷങ്ങൾ സുരക്ഷിതവും സമാധാനപരവുമാക്കുന്നതിനാണ് അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി വാഹനയാത്രക്കാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

വാഹനയാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ:

  • അനുമതിയില്ലാത്ത വാഹന റാലികളോ കൂട്ടമായുള്ള വാഹന പ്രകടനങ്ങളോ സംഘടിപ്പിക്കാൻ പാടില്ല.
  • പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്തുകയോ റോഡുകൾ ബ്ലോക്ക് ചെയ്യുകയോ ചെയ്യരുത്.
  • വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കാനോ അവയുടെ നിറം മാറ്റാനോ പാടില്ല.
  • വാഹനത്തിന്റെ വിൻഡ്ഷീൽഡിലോ ജനലുകളിലോ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ അലങ്കാരങ്ങൾ സ്ഥാപിക്കരുത്.
  • വാഹനത്തിന്റെ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റരുത്.
  • യാത്രയ്ക്കിടെ വാഹനത്തിന്റെ ജനലിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാഞ്ഞുനിൽക്കുകയോ പുറത്തേക്ക് ഇറങ്ങിനിൽക്കുകയോ ചെയ്യരുത്.
  • വാഹനത്തിനുള്ളിലോ പുറത്തോ സ്പ്രേ ക്യാനുകൾ ഉപയോഗിക്കാൻ പാടില്ല.
  • മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ സംഗീതം കേൾപ്പിക്കരുത്.
  • അനുമതിയില്ലാത്ത സ്റ്റിക്കറുകൾ, ചിഹ്നങ്ങൾ, പതാകകൾ എന്നിവ വാഹനങ്ങളിൽ പതിപ്പിക്കരുത്.
  • മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അഭ്യാസപ്രകടനങ്ങൾ നടത്തരുത്.

പൊതുജനങ്ങൾക്കും നിർദേശങ്ങൾ

ദേശീയപതാകയും ഔദ്യോഗികമായി അനുവദിച്ച ചിഹ്നങ്ങളും മാത്രമേ നിർദേശിച്ച രീതിയിൽ ഉപയോഗിക്കാവൂ. ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. ഗതാഗതനിയമങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കർശനമായി പാലിക്കണം.

നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റോഡുകളിൽ പൊലീസ് പട്രോളിങ്ങും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ വർഷത്തെ ദേശീയദിനാഘോഷ വേളയിലും നിയമലംഘനങ്ങൾക്കെതിരെ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു. ഫുജൈറയിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും 16 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു.

ആഘോഷങ്ങൾ സന്തോഷകരമാകുന്നതിനൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകരുതെന്നാണ് അധികൃതരുടെ നിർദേശം. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ദേശീയദിനം ആഘോഷിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *