
OpenAI lawsuit against Apple ആപ്പിളിനെതിരെ നിയമനടപടിയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്ഥാപനമായ ഓപ്പൺഎഐ. വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചതായും ഹാർഡ്വെയർ വിതരണക്കാരിലേക്കുള്ള പ്രവേശനം തടഞ്ഞതായും ആരോപിച്ച് വെള്ളിയാഴ്ചയാണ് ഓപ്പൺഎഐ കേസ് ഫയൽ ചെയ്തത്. ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ സ്വന്തമാക്കാൻ ജീവനക്കാരെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിച്ച് ആപ്പിൾ നേരത്തെ നൽകിയ കേസിന് പിന്നാലെയാണ് ഈ നീക്കം.
ആപ്പിളിന്റെ നിയമന രീതികൾ ജീവനക്കാരെ കമ്പനിയിൽ തന്നെ നിലനിർത്താനും എതിരാളികളുടെ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അവരെ തടയാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഓപ്പൺഎഐയുടെ ആരോപണം. ചാറ്റ്ജിപിടി ആപ്പിന്റെ ഡെവലപ്പറായ ഓപ്പൺഎഐ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിലാണ് എതിർവാദം ഫയൽ ചെയ്തത്.
എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള മത്സരം ശക്തമാകുന്നതിനിടെ ഇരുകമ്പനികളും തമ്മിലുള്ള തർക്കവും രൂക്ഷമാകുകയാണ്. എഐ മേഖലയിലെ വിദഗ്ധരെയും സാങ്കേതികവിദ്യകളെയും ബൗദ്ധിക സ്വത്തവകാശങ്ങളെയും സ്വന്തമാക്കാനുള്ള മത്സരമാണ് ഇപ്പോൾ നിയമപോരാട്ടത്തിലേക്കും നീളുന്നത്.
ഈ വർഷം ആദ്യം ഉപഭോക്തൃ ഹാർഡ്വെയർ വിപണിയിലേക്കുള്ള ഓപ്പൺഎഐയുടെ പ്രവേശനം ശക്തമാക്കുന്നതിനായി വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആപ്പിൾ ഓപ്പൺഎഐക്കും കമ്പനിയുടെ രണ്ട് മുൻ ജീവനക്കാർക്കുമെതിരെ കേസ് നൽകിയിരുന്നു. എന്നാൽ ആപ്പിളിന്റെ ആരോപണങ്ങൾ ഓപ്പൺഎഐ നിഷേധിച്ചിരുന്നു.
ഭാവിയിലെ എഐ ഉപകരണങ്ങൾക്കായുള്ള പോരാട്ടം
പരമ്പരാഗത ആപ്പുകളോ ഓപ്പറേറ്റിങ് സിസ്റ്റങ്ങളോ ആശ്രയിക്കാത്ത ഭാവിയിലെ എഐ ഉപകരണങ്ങളുടെ നിയന്ത്രണത്തിനായുള്ള മത്സരത്തിന്റെ തുടക്കമായാണ് ഈ നിയമപോരാട്ടത്തെ വിലയിരുത്തുന്നത്. ഇത്തരം ഉപകരണങ്ങൾ വിജയകരമായാൽ ആപ്പിളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോണിന്റെ വിപണിയെയും സ്വാധീനിച്ചേക്കാം.
ഓപ്പൺഎഐ സ്വന്തം സ്മാർട്ട്ഫോണോ മറ്റ് ഹാർഡ്വെയർ ഉപകരണങ്ങളോ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഹാർഡ്വെയർ വിപണിയിലെ സ്വാധീനവും എഐ സാങ്കേതികവിദ്യയുടെ നിയന്ത്രണവും ഇരുകമ്പനികൾക്കുമിടയിലെ തർക്കത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.