
UAE Petrol Prices December 2026;ദുബായ്: പുതുവർഷത്തിന് തൊട്ടുമുൻപ് യുഎഇയിലെ വാഹനയാത്രക്കാർക്ക് ഇന്ധനവിലയിൽ വീണ്ടും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായതോടെ ഡിസംബറിൽ രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാനാണ് സാധ്യത. നവംബറിലും ഇന്ധനവില കുറച്ചിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം മാസവും വിലക്കുറവ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രവാസികളടക്കമുള്ള വാഹന ഉടമകൾ.
നവംബറിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 94.84 ഡോളറായിരുന്നു. ഒക്ടോബറിലെ ശരാശരി വിലയായ 106.90 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 11 ശതമാനത്തിന്റെ കുറവാണിത്. ആഗോള വിപണിയിലെ ഈ വിലയിടിവ് ഡിസംബറിലെ യുഎഇ ഇന്ധനവിലയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള വിപണിയിൽ എണ്ണയുടെ ലഭ്യത വർധിച്ചതും ഉൽപ്പാദനം വീണ്ടെടുത്തതും ആവശ്യകതയിൽ കുറവുണ്ടായതുമാണ് വില താഴാൻ പ്രധാന കാരണങ്ങൾ. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വീണ്ടും പ്രവർത്തനം ആരംഭിച്ചതും ലിബിയയിലെ ഷറാറ എണ്ണപ്പാടത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും എണ്ണവിതരണം മെച്ചപ്പെടുത്താൻ സഹായിച്ചു.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഒക്ടോബറിൽ ആഗോള എണ്ണവിതരണം പ്രതിദിനം 23 ലക്ഷം ബാരൽ വർധിച്ച് 10.54 കോടി ബാരലിലെത്തി. ആഗോള സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും എണ്ണയുടെ ആവശ്യകത കുറയാനുള്ള സാധ്യതയും വിലയിടിവിന് കാരണമായി.
നവംബറിലെ ഇന്ധനവില ഇങ്ങനെ
നവംബറിൽ യുഎഇയിൽ പെട്രോൾ വില ലിറ്ററിന് 24 ഫിൽസ് വീതം കുറച്ചിരുന്നു.
- സൂപ്പർ 98 – 4.16 ദിർഹം
- സ്പെഷ്യൽ 95 – 4.04 ദിർഹം
- ഇ-പ്ലസ് 91 – 3.97 ദിർഹം
- ഡീസൽ – 4.75 ദിർഹം
ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോൾ വിലയിൽ കുറവുണ്ടായതോടെ വാഹന ഉടമകൾക്ക് നേരിയ ആശ്വാസം ലഭിച്ചിരുന്നു.
പ്രഖ്യാപനം നവംബർ 30ന്?
ഡിസംബറിലെ പുതുക്കിയ ഇന്ധനവില നവംബർ 30ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. പുതിയ നിരക്കുകൾ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. എന്നാൽ അന്തിമ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ആഗോള എണ്ണവിലയിലെ ഇടിവ് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മധ്യപൂർവദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളും എണ്ണവിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും വിപണിയെ സ്വാധീനിക്കാം. അതിനാൽ ഡിസംബറിൽ എത്രത്തോളം വില കുറയുമെന്നോ വില കുറയുമെന്നോ ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല.
ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾക്കും ഇന്ധനവിലയിലെ ചെറിയ കുറവുപോലും മാസച്ചെലവിൽ ആശ്വാസമാകും. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് യുഎഇയിലെ വാഹനയാത്രക്കാർ.





