
Doha 2030 Asian Para Games : നഗോയ: 2030-ലെ ഏഷ്യൻ പാരാ ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് ഏഷ്യൻ പാരാ ഗെയിംസിന്റെ പതാക ഔദ്യോഗികമായി കൈമാറി. ജപ്പാനിലെ നഗോയയിൽ നടന്ന അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിന്റെ സമാപനച്ചടങ്ങിനിടെയാണ് പതാക കൈമാറ്റം നടന്നത്.
ഏഷ്യൻ ഗെയിംസിന്റെ പതാക ഈ മാസം ആദ്യം ഖത്തറിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യൻ പാരാ ഗെയിംസിന്റെ ആതിഥേയ പതാകയും ഖത്തറിന് ലഭിച്ചത്. ഇതോടെ 2030-ൽ ദോഹയിൽ നടക്കുന്ന കായികമേളകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ ഖത്തർ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു.
ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ ഏഷ്യൻ ഗെയിംസിലേക്കും ഏഷ്യൻ പാരാ ഗെയിംസിലേക്കും സ്വാഗതം ചെയ്യാനുള്ള പ്രതിബദ്ധതയാണ് പതാക സ്വീകരിക്കുന്നതിലൂടെ ദോഹ 2030 സംഘാടക സമിതി വ്യക്തമാക്കിയത്.
നഗോയയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങളുടെ നേട്ടങ്ങളെ ആദരിച്ച സമാപനച്ചടങ്ങിൽ, ഭാവിതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിൽ പാരാലിമ്പിക് കായികമേളകൾക്കുള്ള പങ്കും എടുത്തുപറഞ്ഞു.
ദോഹ 2030 ഏഷ്യൻ ഗെയിംസ് സംഘാടക സമിതി സിഇഒ ഡോ. അഹമ്മദ് അബ്ദുല്ല അൽ ബുഐനൈൻ പതാക സ്വീകരിച്ചതിനെ ഖത്തറിന്റെ അഭിമാനകരമായ നിമിഷവും സുപ്രധാന നാഴികക്കല്ലുമായി വിശേഷിപ്പിച്ചു.
അടുത്ത ആതിഥേയരെന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് ഖത്തറിനുള്ളതെന്നും മത്സരങ്ങളുടെ എല്ലാ ഘട്ടങ്ങളിലും കായികതാരങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്ന പ്രതിബദ്ധതയാണ് പതാക സ്വീകരണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2030-ൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസ് ഏഷ്യയിലുടനീളമുള്ള ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രധാന വേദിയാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികമേളകൾ സംഘടിപ്പിക്കുന്നതിൽ ഖത്തറിന്റെ തയ്യാറെടുപ്പുകൾക്ക് ഈ പതാക കൈമാറ്റം കൂടുതൽ പ്രാധാന്യം നൽകുന്നു.