Breast cancer awareness and early detection  സ്തനാർബുദ ബോധവൽക്കരണവും നേരത്തെയുള്ള രോഗനിർണയവും ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം

Breast cancer awareness and early detection  ദോഹ: സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണവും രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രവർത്തനങ്ങൾ ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH).

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), സിദ്ര മെഡിസിൻ, ഖത്തർ കാൻസർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 2026 ഒക്ടോബർ മാസത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ‘നേരത്തെയുള്ള രോഗനിർണയത്തിലൂടെയാണ് നിങ്ങളുടെ കരുത്ത് ആരംഭിക്കുന്നത്’ എന്ന സന്ദേശത്തിലായിരുന്നു ഈ വർഷത്തെ കാമ്പയിൻ.

തൊഴിലിടങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലായി 13 ബോധവൽക്കരണ പരിപാടികളാണ് നടത്തിയത്. സ്തനാർബുദത്തിന്റെ അപകടസാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ, പരിശോധനാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റൽ കാമ്പയിനിലൂടെയും ജനങ്ങളിലെത്തിച്ചു.

ഖത്തറിലെ നാഷണൽ കാൻസർ രജിസ്ട്രിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ൽ 567 സ്തനാർബുദ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 562 പേർ സ്ത്രീകളും അഞ്ച് പേർ പുരുഷന്മാരുമാണ്. രോഗബാധിതരിൽ 162 പേർ ഖത്തർ പൗരന്മാരും 405 പേർ വിദേശികളുമാണ്.

2016 മുതൽ 2025 ഡിസംബർ വരെ 71,829 മാമോഗ്രാം പരിശോധനകൾ നടത്തിയതായും 49,276 സ്ത്രീകൾ കുറഞ്ഞത് ഒരു തവണയെങ്കിലും പരിശോധനയ്ക്ക് വിധേയരായതായും കണക്കുകൾ വ്യക്തമാക്കുന്നു. 2026 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ 7,024 സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തി.

45 മുതൽ 69 വയസ്സുവരെയുള്ള സ്ത്രീകൾക്ക് സൗജന്യ പരിശോധന

സ്തനാർബുദത്തിന്റെ നേരത്തെയുള്ള രോഗനിർണയത്തിനുള്ള പരിശോധനകൾ വർഷം മുഴുവൻ സൗജന്യമായി ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. അൽ വക്ര, ലെബൈബ്, റൗദത്ത് അൽ ഖൈൽ, മുവൈതർ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിലവിൽ രോഗലക്ഷണങ്ങളില്ലാത്തതും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരിശോധന നടത്താത്തതുമായ 45 മുതൽ 69 വയസ്സുവരെയുള്ള സ്ത്രീകൾ സൗജന്യ പരിശോധനയ്ക്ക് ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു. മൂന്ന് വർഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഡോക്ടറുടെ ഇ-റഫറൽ, PHCCയുടെ Nar’aakom ആപ്പ്, ഓൺലൈൻ സേവനങ്ങൾ എന്നിവ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. കൂടാതെ 800-1112, 4027-7770 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. രോഗം നേരത്തേ കണ്ടെത്തുന്നത് ചികിത്സാ വിജയസാധ്യത വർധിപ്പിക്കുന്നതിനാൽ സ്ത്രീകൾ പരിശോധനകൾക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.

കൂടുതൽ ഖത്തർ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy