Saudi Supercup സൗദി സൂപ്പർ കപ്പ് ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങൾ; നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത്

Saudi Supercup കുവൈത്ത് സിറ്റി: സൗദി സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങളും വേഗത്തിലുള്ള യാത്രാ നടപടികളും ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രി നിർദേശം നൽകി.

കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സൽമി, അബ്ദലി അതിർത്തി ചെക്ക്പോസ്റ്റുകളും വടക്കൻ മേഖലയിലെ 19 അതിർത്തി സുരക്ഷാ കേന്ദ്രങ്ങളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങളും വികസന പ്രവർത്തനങ്ങളും വിലയിരുത്തി.

ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതിർത്തി സുരക്ഷാ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളും ഓപ്പറേഷൻസ് റൂമിലെ സജ്ജീകരണങ്ങളും പരിശോധിച്ച മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിന് ഉയർന്ന ജാഗ്രതയും സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്കായി കുവൈത്തിലെത്തുന്ന ആരാധകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സൽമി അതിർത്തി ചെക്ക്പോസ്റ്റിൽ പ്രധാനമായും പരിശോധിച്ചത്. നിർമാണ-വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും നിർദേശം നൽകി.

അബ്ദലി അതിർത്തിയിലും വികസന പ്രവർത്തനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും മന്ത്രി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാരുടെ പ്രവേശനവും പുറത്തേക്കുള്ള യാത്രയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.

കര അതിർത്തി ചെക്ക്പോസ്റ്റുകളാണ് രാജ്യത്തേക്കെത്തുന്ന സന്ദർശകരുടെ ആദ്യ കവാടമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ യാത്രക്കാരെ മികച്ച രീതിയിൽ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. പരിശോധനാ നടപടികൾ വേഗത്തിലാക്കി കാത്തിരിപ്പ് സമയം കുറയ്ക്കുകയും സന്ദർശകർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുകയും വേണമെന്നും മന്ത്രി നിർദേശിച്ചു.

സൗദി സൂപ്പർ കപ്പ് ആരാധകർക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുവൈത്തിന്റെ ആതിഥ്യമര്യാദയും സൗഹൃദബന്ധങ്ങളും ഉയർത്തിക്കാട്ടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy