Online Scams on the Rise in Kuwait കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു;ശ്രദ്ധ വേണം

Online Scams on the Rise in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA). 2026ലെ മൂന്നാം പാദത്തിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട 621 പരാതികൾ അധികൃതർ കൈകാര്യം ചെയ്തു.

വ്യാജ വെബ്സൈറ്റുകളിലൂടെയാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്. ആകെ പരാതികളിൽ 276 എണ്ണം വെബ്സൈറ്റുകളുമായി ബന്ധപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിലൂടെ 163 പരാതികളും ഫോൺ കോളുകളിലൂടെ 104 പരാതികളും ലഭിച്ചു.

വാട്സ്ആപ്പിലൂടെ 76 തട്ടിപ്പ് പരാതികളും എസ്എംഎസ് വഴിയുള്ള രണ്ട് പരാതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാജ ലിങ്കുകൾ, സംശയാസ്പദമായ സന്ദേശങ്ങൾ, തട്ടിപ്പ് ഫോൺ കോളുകൾ എന്നിവക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് CITRA നിർദേശിച്ചു. വിശ്വാസമില്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സംശയകരമായ സന്ദേശങ്ങളോ ലിങ്കുകളോ ഫോൺ കോളുകളോ ലഭിച്ചാൽ അവയോട് പ്രതികരിക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, രാജ്യത്തെ റേഡിയോ ഫ്രീക്വൻസി നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി CITRAയുടെ ഫീൽഡ് മോണിറ്ററിങ് വിഭാഗത്തിലെ സംഘം ജർമനിയിലെ റോഡെ ആൻഡ് ഷ്വാർട്സ് നിർമാണ കേന്ദ്രം സന്ദർശിച്ചു.

ഒക്ടോബർ 19 മുതൽ 21 വരെ നടന്ന സന്ദർശനത്തിൽ മൊബൈൽ വയർലെസ് നിരീക്ഷണ സ്റ്റേഷനുകളുടെ സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കുകയും ഉപകരണങ്ങൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. രാജ്യത്തെ റേഡിയോ ഫ്രീക്വൻസി ഉപയോഗം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ ജാഗ്രതയും അധികൃതരുടെ നിരന്തര നിരീക്ഷണവും അനിവാര്യമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy