
Tobacco Products in Inspection Campaign ദോഹ: ഖത്തറിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനാ കാമ്പയിനിൽ നിയമങ്ങൾ പാലിക്കാത്ത 150 കിലോയിലധികം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടി. നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എക്സൈസ് ഉൽപന്നങ്ങളുടെ അനധികൃത വ്യാപാരം തടയുന്നതിനുമായാണ് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ജനറൽ ടാക്സ് അതോറിറ്റി പരിശോധന നടത്തിയത്.
അംഗീകൃത നികുതി സ്റ്റാമ്പുകളില്ലാത്ത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും വിൽപനയ്ക്ക് അനുമതിയില്ലാത്ത എക്സൈസ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതുമുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. സ്ഥാപനങ്ങളുടെ ലൈസൻസുകൾ, രേഖകൾ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും അധികൃതർ പരിശോധിച്ചു.
ജനറൽ ടാക്സ് അതോറിറ്റിയുടെ ആന്റി ടാക്സ് ഇവേഷൻ സംഘമാണ് സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചത്. നിയമലംഘനങ്ങൾ സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കും.
പുകയില ഉൽപന്നങ്ങളുടെ വിതരണ ശൃംഖല പരിശോധിക്കുകയും ഓഡിറ്റിങ് നടത്തുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് പരിശോധനാ കാമ്പയിൻ. നികുതി വെട്ടിപ്പ് തടയുന്നതിനും ഉപഭോക്താക്കളുടെയും പൊതുജനാരോഗ്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
നികുതി സ്റ്റാമ്പ് നിർബന്ധം
സിഗരറ്റുകളും മറ്റ് പുകയില ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നവർ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സംവിധാനത്തിന്റെ ഭാഗമായി ദരീബ (Dhareeba) പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ ടാക്സ് അതോറിറ്റി നിർദേശിച്ചു. ഈ സംവിധാനത്തിന് കീഴിൽ വരുന്ന ഉൽപന്നങ്ങളിൽ സാധുവായതും സജീവമാക്കിയതുമായ നികുതി സ്റ്റാമ്പുകൾ ഉണ്ടായിരിക്കണം. ഇറക്കുമതിക്കും രാജ്യത്തിനകത്തെ വിൽപനയ്ക്കും മുമ്പ് ഈ നിബന്ധന പാലിക്കണം.
നികുതി നിയമങ്ങളും അവയുടെ എക്സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കും ഇറക്കുമതിക്കാർക്കും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. നികുതിദായകരെ നിയമപരമായ ബാധ്യതകൾ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനൊപ്പം നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.





