
Global Aviation Industry Faces a Severe Crisis ദോഹ: ജെറ്റ് ഇന്ധനവില കുത്തനെ ഉയരുകയും പലിശനിരക്കും വായ്പാ ചെലവും വർധിക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന വ്യവസായം കടുത്ത വെല്ലുവിളികൾ നേരിടുന്നതായി ബ്ലൂംബെർഗ് ഇന്റലിജൻസ്. 2026ന്റെ തുടക്കം മുതൽ ജെറ്റ് ഇന്ധനവില ഏകദേശം ഇരട്ടിയായതായും ഇത് വിമാനക്കമ്പനികളുടെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നതായും ബ്ലൂംബെർഗ് ഇന്റലിജൻസിലെ എയ്റോസ്പേസ്, പ്രതിരോധ, എയർലൈൻസ് വിഭാഗം ആഗോള മേധാവി ജോർജ് ഫെർഗൂസൺ പറഞ്ഞു.
ദോഹയിൽ നടന്ന അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷന്റെ (AACO) 59-ാമത് ജനറൽ അസംബ്ലിയിൽ നടത്തിയ അവതരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ വിമാനക്കമ്പനികളുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയത്.
ഇന്ധനവില വർധന ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളുടെ സാമ്പത്തിക കണക്കുകളെ ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയിലെ മാറ്റങ്ങൾ കമ്പനികളുടെ സാമ്പത്തിക നിലയിൽ പ്രതിഫലിക്കുന്ന സമയം അവരുടെ ഇന്ധനവില മുൻകൂട്ടി ഉറപ്പിക്കുന്ന (Hedging) നയങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ഗൾഫ് തീരത്തെ ജെറ്റ് ഇന്ധനവിലയും ശുദ്ധീകരണ ചെലവിലെ വർധനയും വിലയിരുത്തിയ അദ്ദേഹം, ഇന്ധനത്തിന്റെ അന്തിമവിലയിൽ റിഫൈനിംഗ് മാർജിൻ ഏകദേശം പകുതിയോളം വരുന്നതായും വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളിലും സമാനമായ സമ്മർദം നിലനിൽക്കുന്നുണ്ട്. ഉയർന്ന ചെലവ് യാത്രക്കാരെയും ബാധിക്കുന്നതിനാൽ യാത്രാ ആവശ്യകതയിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്.
പലിശനിരക്കും വായ്പാ ചെലവും മറ്റൊരു വെല്ലുവിളി
ഉയർന്ന പലിശനിരക്കാണ് വ്യോമയാന മേഖല നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളിയെന്ന് ഫെർഗൂസൺ ചൂണ്ടിക്കാട്ടി. അമേരിക്കൻ ട്രഷറി യീൽഡ് ഏകദേശം അഞ്ച് ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. പലിശനിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഇടപാടുകൾ പ്രധാനമായും അമേരിക്കൻ ഡോളറിലാണ് നടക്കുന്നത്. അതിനാൽ അമേരിക്കയിലെ പലിശനിരക്കിലെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളുടെ വായ്പാ ചെലവുകളെയും ബാധിക്കുന്നു.
വിമാനക്കമ്പനികളുടെ കടബാധ്യതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നതിനുള്ള ചെലവ് സൂചിപ്പിക്കുന്ന ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ് (CDS) നിരക്കുകളും ഉയരുകയാണ്. സാമ്പത്തികമായി കൂടുതൽ അപകടസാധ്യതയുള്ള ചില അമേരിക്കൻ വിമാനക്കമ്പനികൾക്ക് ഈ സാഹചര്യം വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ചില കമ്പനികൾക്ക് വിപണിയിൽ തുടരുന്നതുപോലും വെല്ലുവിളിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിലെ ഉയർന്ന ഇന്ധനവില തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകാനും യാത്രക്കാർക്ക് കൂടുതൽ സാമ്പത്തിക സമ്മർദമുണ്ടാകാനും സാധ്യതയുണ്ടെന്ന് ഫെർഗൂസൺ വിലയിരുത്തി.
ഇന്ധനവിലയും പലിശനിരക്കും ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെയും ലാഭത്തെയും യാത്രക്കാരുടെ ആവശ്യകതയെയും ഒരുപോലെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.





