
Do Not Proceed When Traffic Signals Flash Redകുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നലുകളിൽ മിന്നുന്ന ലൈറ്റുകൾ കാണുമ്പോൾ വാഹനമോടിക്കുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രത്യേകിച്ച് ചുവപ്പ് ലൈറ്റ് മിന്നുമ്പോൾ ഉടൻ വാഹനം മുന്നോട്ടെടുക്കാനുള്ള സൂചനയായി അതിനെ കാണരുതെന്നും പച്ച ലൈറ്റ് തെളിയുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ട്രാഫിക് സിഗ്നലുകളിൽ ലൈറ്റ് മാറുന്നതിന് മുമ്പും ശേഷവും തെളിയുന്ന മുന്നറിയിപ്പ് സൂചനകൾ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. സിഗ്നലിലെ മിന്നുന്ന ലൈറ്റുകൾ വാഹനമോടിക്കുന്നവർക്ക് അടുത്തതായി നിർത്തണോ മുന്നോട്ടുപോകണോ എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.
അഞ്ച് സെക്കൻഡ് മുന്നറിയിപ്പ്
മഞ്ഞ, ചുവപ്പ് ലൈറ്റുകൾ തെളിയുന്നതിന് മുമ്പ് അഞ്ച് സെക്കൻഡ് നേരം മിന്നുന്ന സൂചന ലഭിക്കും. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനും സുരക്ഷിതമായി വേഗം കുറയ്ക്കുന്നതിനും ഡ്രൈവർമാർക്ക് മുൻകൂട്ടി തയ്യാറെടുക്കാനുള്ള അറിയിപ്പാണിത്.
അതേസമയം, ചുവപ്പ് ലൈറ്റ് മിന്നുന്നത് വാഹനം മുന്നോട്ടെടുക്കാനുള്ള അനുമതിയല്ല. പച്ച ലൈറ്റ് തെളിയുന്നതിന് മുമ്പ് യാത്ര തുടരരുതെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കി.
നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാം
ട്രാഫിക് സിഗ്നലുകളിലെ മുന്നറിയിപ്പ് സൂചനകൾ കൃത്യമായി പാലിക്കുന്നത് പെട്ടെന്നുള്ള ബ്രേക്കിങ്ങും അപകടസാധ്യതകളും കുറയ്ക്കാൻ സഹായിക്കും. റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ വാഹനമോടിക്കുന്നവരും സിഗ്നലുകൾ ശ്രദ്ധിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.





