
Kuwait Banks to Monitor Six Months of Transactions കുവൈത്തിൽ സംശയാസ്പദമായ ശമ്പള ഇടപാടുകൾ കണ്ടെത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുമായി ബാങ്കുകൾ ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കും. സംശയകരമായ ശമ്പള ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അക്കൗണ്ടുകളുടെ കഴിഞ്ഞ ആറുമാസത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനാണ് നടപടി.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദേശപ്രകാരം സ്വകാര്യ മേഖലയിൽ പ്രതിമാസം 300 കുവൈത്തി ദിനാറോ അതിൽ കുറവോ ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ അക്കൗണ്ടുകൾക്കാണ് പുതിയ സുരക്ഷാ നടപടികൾ ബാധകമാകുന്നത്. ഡിസംബർ 31 മുതലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ശമ്പള അക്കൗണ്ടുകളിൽനിന്ന് 25 ദിനാറോ അതിൽ കൂടുതലോ തുക പിൻവലിക്കുമ്പോഴും മറ്റൊരാളിലേക്ക് കൈമാറുമ്പോഴും പണമിടപാടുകൾ നടത്തുമ്പോഴും ടു-ഫാക്ടർ ഓതന്റിക്കേഷൻ (Two-Factor Authentication) നിർബന്ധമാക്കും. ഇടപാടിന്റെ സ്വഭാവം, തുക, പണം ലഭിക്കുന്ന വ്യക്തി അല്ലെങ്കിൽ സ്ഥാപനം എന്നിവ ജീവനക്കാരനെ കാണിച്ച ശേഷമായിരിക്കും അനുമതി നൽകുക. ശമ്പളം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ഈ അധിക പരിശോധന ആവശ്യമില്ല.
ആറുമാസത്തെ ഇടപാടുകൾ പരിശോധിക്കും
ശമ്പളം ലഭിച്ച ഉടൻ വലിയ തുക പിൻവലിക്കുന്നതോ തൊഴിലുടമയുടെയോ ബന്ധപ്പെട്ട വ്യക്തികളുടെയോ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതോ ഉൾപ്പെടെയുള്ള സംശയാസ്പദമായ ഇടപാടുകൾ ബാങ്കുകൾ നിരീക്ഷിക്കും.
ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുടെ കഴിഞ്ഞ ആറുമാസത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുകയും പതിവ് സാമ്പത്തിക ഇടപാടുകളുമായി താരതമ്യം ചെയ്യുകയും ചെയ്യും. തൊഴിലുടമയുമായോ ബന്ധപ്പെട്ട കക്ഷികളുമായോ ഉള്ള സാമ്പത്തിക ബന്ധങ്ങളും പരിശോധിക്കും. 25 ദിനാറിൽ താഴെയുള്ള സംശയാസ്പദമായ ഇടപാടുകളും നിരീക്ഷണത്തിൽ ഉൾപ്പെടും.
സംശയാസ്പദമായി കണക്കാക്കുന്ന സാഹചര്യങ്ങൾ
- ശമ്പളം ലഭിച്ച ശേഷം വ്യക്തമായ കാരണമില്ലാതെ തൊഴിലുടമയ്ക്ക് പണം തിരികെ നൽകുന്നത്.
- തൊഴിലുടമ ജീവനക്കാരുടെ ബാങ്ക് കാർഡുകളോ പിൻ നമ്പറുകളോ കൈവശം വയ്ക്കുന്നത്.
- ശമ്പളത്തിന്റെ 80 ശതമാനമോ അതിലധികമോ 72 മണിക്കൂറിനുള്ളിൽ പിൻവലിക്കുകയോ കൈമാറുകയോ ചെയ്യുന്നത്.
- ശമ്പളത്തിന്റെ 50 ശതമാനമോ അതിലധികമോ 72 മണിക്കൂറിനുള്ളിൽ തൊഴിലുടമയ്ക്കോ ബന്ധപ്പെട്ട കക്ഷികൾക്കോ കൈമാറുന്നത്.
- ഒരേ സ്ഥാപനത്തിലെ ഒന്നിലധികം ജീവനക്കാരുടെ അക്കൗണ്ടുകളിൽ സമാനമായ സംശയാസ്പദ ഇടപാടുകൾ കണ്ടെത്തുന്നത്.
- ഒരേ എ.ടി.എം കൗണ്ടറിൽനിന്ന് ജീവനക്കാരുടെ കൂട്ടമായുള്ള ആവർത്തിച്ചുള്ള പണം പിൻവലിക്കൽ.
സംശയാസ്പദമായ ഇടപാടുകളിൽ പ്രാഥമിക പരിശോധന രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. സംശയത്തിന് മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ അന്നുതന്നെ റിപ്പോർട്ട് ചെയ്യണം. വിശദമായ അന്വേഷണം പൂർത്തിയാക്കാൻ തുടർന്നുള്ള മൂന്ന് ദിവസത്തെ നിരീക്ഷണ കാലയളവും അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉടൻ റിപ്പോർട്ട് നൽകണം.
ജീവനക്കാരുടെ പണം തടയില്ല
സംശയം തോന്നിയെന്ന കാരണത്താൽ മാത്രം ജീവനക്കാരുടെ ശമ്പള നിക്ഷേപം വൈകിക്കാനോ സ്വന്തം പണം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനോ പാടില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ അടിസ്ഥാനമുണ്ടെങ്കിൽ മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ അനുവദിക്കൂ.
ശമ്പളം ലഭിച്ച ശേഷം മുഴുവൻ തുകയും പണമായി പിൻവലിക്കുന്നത് മാത്രം നിയമലംഘനത്തിന്റെയോ വ്യാജ ശമ്പള ഇടപാടിന്റെയോ തെളിവായി കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലുടമകൾ വ്യാജമായി ശമ്പളം നൽകിയതായി രേഖപ്പെടുത്തുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളം തിരിച്ചുവാങ്ങുന്നതും തടയുകയാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം. ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം യഥാർഥത്തിൽ അവരുടെ കൈവശം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കുവൈത്തിന്റെ വേതന സംരക്ഷണ നടപടികളുടെ ഭാഗമാണിത്.





