
Kuwait Introduces New Rules for Housing Loans കുവൈത്ത് സിറ്റി: ഭവന വായ്പാ മേഖലയിലെ നടപടിക്രമങ്ങളിൽ പുതിയ മാറ്റങ്ങളുമായി കുവൈത്ത്. ഭവന ആനുകൂല്യങ്ങൾക്ക് അർഹരായ പൗരന്മാർക്ക് പ്രാദേശിക ബാങ്കുകൾ വഴിയും ധനകാര്യ സ്ഥാപനങ്ങൾ വഴിയും റിയൽ എസ്റ്റേറ്റ് വായ്പ ലഭ്യമാക്കുന്നതിനുള്ള 2026ലെ ഡിക്രി നിയമം നമ്പർ 114 പ്രകാരമാണ് പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതും പുതിയ നിയമത്തിന്റെ ലക്ഷ്യമാണ്.
കുവൈത്ത് ധനമന്ത്രാലയമാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമാക്കിയത്. കുവൈത്ത് ക്രെഡിറ്റ് ബാങ്ക് (KCB) നിലവിൽ നൽകിവരുന്ന ഭവന നിർമാണ, ഭവന വാങ്ങൽ വായ്പകൾക്ക് പകരമായല്ല, മറിച്ച് മറ്റൊരു സാമ്പത്തിക സഹായ മാർഗമായാണ് പുതിയ വായ്പാ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. അർഹരായ പൗരന്മാർക്ക് നിലവിലുള്ള വായ്പാ പദ്ധതിയും പുതിയ സംവിധാനവും തമ്മിൽ തിരഞ്ഞെടുക്കാം.
പുതിയ പദ്ധതിയിൽ സബ്സിഡിയുള്ള വായ്പയും സബ്സിഡിയില്ലാത്ത അധിക വായ്പയും ഉൾപ്പെടുന്നു. സബ്സിഡിയുള്ള വായ്പയുടെ പലിശ സർക്കാർ വഹിക്കും. അംഗീകൃത റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽനിന്ന് വീട് വാങ്ങുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങൾ വഴി അധിക വായ്പയും ലഭ്യമാക്കും. എന്നാൽ ഈ അധിക വായ്പയുടെ പലിശയോ മറ്റ് സാമ്പത്തിക ബാധ്യതകളോ വായ്പയെടുക്കുന്നവർ തന്നെയാണ് വഹിക്കേണ്ടത്.
സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമിക്കുന്നതിനോ പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ അംഗീകരിച്ച ഡെവലപ്പർമാരിൽനിന്ന് താമസ യൂണിറ്റ് വാങ്ങുന്നതിനോ മാത്രമാണ് പുതിയ വായ്പാ സംവിധാനം ഉപയോഗിക്കാനാകുക. വീടിന്റെ വിപുലീകരണം, അറ്റകുറ്റപ്പണി, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള വസ്തു വാങ്ങൽ, സ്വകാര്യ ഭൂമിയിലെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ പദ്ധതി ബാധകമല്ല.
25 വർഷം വരെ തിരിച്ചടവ് കാലാവധി
പുതിയ നിയമപ്രകാരം വായ്പ തുല്യമായ പ്രതിമാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. വായ്പ അനുവദിച്ച തീയതി മുതൽ പരമാവധി 25 വർഷം വരെയാണ് തിരിച്ചടവ് കാലാവധി. ചില സാഹചര്യങ്ങളിൽ ഗ്രേസ് പിരീഡ് അനുവദിക്കാനും വ്യവസ്ഥയുണ്ട്. ഈ കാലയളവിൽ മുതലിന്റെ തിരിച്ചടവ് മാറ്റിവയ്ക്കാമെങ്കിലും ബാധകമായ പലിശ വായ്പയെടുക്കുന്നവർ വഹിക്കണം.
വായ്പയുടെ മുഴുവൻ തുകയോ ഭാഗികമായോ മുൻകൂട്ടി തിരിച്ചടയ്ക്കാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. ഇത്തരത്തിൽ തിരിച്ചടച്ച തുകയ്ക്ക് ബാധകമായ ഭാവി പലിശ ഒഴിവാക്കും.
തിരിച്ചടവ് മുടങ്ങിയാൽ ഉടൻ ജപ്തിയില്ല
വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താവിന് ഔദ്യോഗിക അറിയിപ്പ് നൽകണം. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പരമാവധി അഞ്ചുവർഷം വരെ വായ്പയുടെ തിരിച്ചടവ് പുനഃക്രമീകരിക്കാനും പുതിയ നിയമം അനുവദിക്കുന്നു.
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ മാത്രം വീട് ഉടൻ ജപ്തി ചെയ്യുകയോ നേരിട്ട് വിൽക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങൾ പുതിയ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഉൾപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നു.
വായ്പയെടുക്കുന്നവർ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ സബ്സിഡിയുള്ള വായ്പയുടെ ശേഷിക്കുന്ന തുക കുവൈത്ത് ക്രെഡിറ്റ് ബാങ്ക് സർക്കാരിനുവേണ്ടി ധനകാര്യ സ്ഥാപനത്തിന് നൽകും. എന്നാൽ ഈ തുക പിന്നീട് വായ്പയെടുത്ത വ്യക്തിയിൽനിന്ന് തിരിച്ചുപിടിക്കാൻ ബാങ്കിന് അവകാശമുണ്ടാകും. അതായത്, വായ്പയുടെ തിരിച്ചടവ് ബാധ്യതയിൽനിന്ന് ഉപഭോക്താവിനെ പൂർണമായി ഒഴിവാക്കില്ല.
വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന് നിയന്ത്രണം
വായ്പാ ബാധ്യതകൾ പൂർണമായി തീരുന്നതുവരെ വീട് പണയത്തിലായിരിക്കും. കുവൈത്ത് ക്രെഡിറ്റ് ബാങ്കിന്റെയും വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിന്റെയും മുൻകൂർ അനുമതിയില്ലാതെ വസ്തു കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയില്ല. പുതിയ ഉടമ ഭവന ആനുകൂല്യങ്ങൾക്ക് അർഹനായിരിക്കണം. കൂടാതെ നേരത്തെ റിയൽ എസ്റ്റേറ്റ് വായ്പ ലഭിച്ചിട്ടില്ലാത്ത വ്യക്തിയായിരിക്കണമെന്നും നിലവിലുള്ള വായ്പാ ബാധ്യതകൾ ഏറ്റെടുക്കണമെന്നും വ്യവസ്ഥയുണ്ട്.
വായ്പാ സംവിധാനത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി വായ്പാ പോർട്ട്ഫോളിയോകൾ ഏറ്റെടുക്കാനും നിക്ഷേപകർക്ക് ലഭ്യമാക്കാനും കുവൈത്ത് ക്രെഡിറ്റ് ബാങ്കിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിയമം അനുമതി നൽകുന്നു.
പുതിയ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരിക. ഡിക്രി നിയമം പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളിൽ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





