
Dubai tenants receive fire safety notice ദുബായ്: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ നിർദേശങ്ങൾ കർശനമാക്കി കെട്ടിട മാനേജ്മെന്റ് കമ്പനികൾ. ബാൽക്കണികളിലും ഇടനാഴികളിലും പൊതുയിടങ്ങളിലും മെഴുകുതിരികൾ കത്തിക്കുന്നതിനും ധൂപം കാട്ടുന്നതിനും പടക്കങ്ങൾ പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയുള്ള അറിയിപ്പുകളാണ് താമസക്കാർക്ക് ലഭിച്ചത്. എന്നാൽ ഈ നിർദേശങ്ങൾ ദീപാവലി ആഘോഷങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പാരമ്പര്യങ്ങൾ തുടരുകയാണെന്നും താമസക്കാർ പറയുന്നു.
ദീപാവലിക്ക് മുന്നോടിയായി വീടുകൾ അലങ്കരിക്കുന്നതിനിടെയാണ് കെട്ടിട മാനേജ്മെന്റ് കമ്പനികൾ സുരക്ഷാ അറിയിപ്പുകൾ നൽകിയത്. തുറന്ന തീജ്വാലകളും കത്തുന്ന വസ്തുക്കളും ഉപയോഗിക്കുന്നത് തീപിടിത്തത്തിന് കാരണമാകാമെന്നും താമസക്കാരുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും അറിയിപ്പുകളിൽ മുന്നറിയിപ്പ് നൽകുന്നു.
ഷെയ്ഖ് സായിദ് റോഡിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മാനേജ്മെന്റ് നൽകിയ നോട്ടീസിൽ ഇടനാഴികൾ, ബാൽക്കണികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ മെഴുകുതിരികൾ കത്തിക്കുന്നതും ധൂപം കാട്ടുന്നതും പടക്കങ്ങൾ പൊട്ടിക്കുന്നതും കർശനമായി നിരോധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ താമസക്കാരുടെ സഹകരണവും മാനേജ്മെന്റ് അഭ്യർഥിച്ചു.
സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ആഘോഷം
കെട്ടിടത്തിൽ നിന്ന് സുരക്ഷാ അറിയിപ്പ് ലഭിച്ച 23കാരിയായ വിദ്യാർഥിനി ജനീഷ ധൻജൽ, കുടുംബം നിർദേശങ്ങൾ പാലിച്ചുകൊണ്ടുതന്നെ ദീപാവലി ആഘോഷിക്കുന്നതായി പറഞ്ഞു. ബാൽക്കണി അലങ്കരിക്കുന്നതും വീട്ടിലെ പൂജകളും മറ്റ് പരമ്പരാഗത ചടങ്ങുകളും തുടരുന്നുണ്ട്. എന്നാൽ കെട്ടിടത്തിനുള്ളിൽ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കിയതായും അവർ വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ കുടുംബത്തിന്റെ ആഘോഷങ്ങളെ തടഞ്ഞിട്ടില്ലെന്നും മറ്റ് താമസക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ആഘോഷരീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതെന്നും ജനീഷ പറഞ്ഞു.
അൽ മൻഖൂളിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇന്ത്യൻ എൻജിനീയറായ അനുരാഗ് ടിക്കിന്റെ കുടുംബവും ആഘോഷങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രവേശനകവാടത്തിൽ രംഗോലി ഒരുക്കുക, ജമന്തിപ്പൂമാലകൾ തൂക്കുക, അലങ്കാര വിളക്കുകൾ ഉപയോഗിച്ച് വീട് മനോഹരമാക്കുക തുടങ്ങിയ പതിവുകൾ കുടുംബം തുടരുന്നുണ്ട്.
എന്നാൽ ബാൽക്കണിയിൽ പരമ്പരാഗത മൺവിളക്കുകൾ കത്തിക്കുന്നതിന് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിളക്കുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വീടിനുള്ളിൽ കുടുംബാംഗങ്ങളുടെ മേൽനോട്ടത്തിൽ ചെറിയ പരമ്പരാഗത ദീപം കത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോഹത്തളികയിൽ ദീപം വെച്ച് സമീപത്ത് ഒരാൾ ശ്രദ്ധിക്കുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. മറ്റ് അലങ്കാരങ്ങൾക്ക് എൽഇഡി വിളക്കുകളാണ് ഉപയോഗിക്കുന്നത്.
ഉത്സവങ്ങൾക്ക് മുമ്പുതന്നെ കെട്ടിട മാനേജ്മെന്റ് കമ്പനികൾ സുരക്ഷാ അറിയിപ്പുകൾ നൽകണമെന്നും ഏതൊക്കെ അലങ്കാരങ്ങളും ആഘോഷരീതികളുമാണ് അനുവദനീയമെന്ന് വ്യക്തമായി വിശദീകരിക്കണമെന്നും അനുരാഗ് നിർദേശിച്ചു.
കൂടുതൽ വ്യക്തമായ നിർദേശങ്ങൾ വേണമെന്ന് താമസക്കാർ
ജുമൈറ ലേക്ക് ടവേഴ്സിൽ താമസിക്കുന്ന ധനകാര്യ മേഖലയിലെ ജീവനക്കാരനായ അഭി വത്സയ്ക്കും കെട്ടിട മാനേജ്മെന്റിൽ നിന്ന് മെഴുകുതിരികൾ, ധൂപവർഗങ്ങൾ, പടക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിൽ ലഭിച്ചിരുന്നു. ഇതോടെ ചില ശീലങ്ങളിൽ മാറ്റം വരുത്തിയതായി അദ്ദേഹം പറഞ്ഞു.
മുറിയിൽ ആളില്ലാത്തപ്പോൾ മെഴുകുതിരികൾ ഉപയോഗിക്കുന്നത് നിർത്തി. ബാൽക്കണിയിൽ തീജ്വാലയില്ലാത്ത അലങ്കാര വിളക്കുകളിലേക്കും മാറി. രാത്രി മുഴുവൻ അലങ്കാര വിളക്കുകൾ കത്തിച്ചിടുന്ന പതിവും ഒഴിവാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബാൽക്കണിയിൽ ഉപയോഗിക്കാവുന്ന വിളക്കുകൾ ഏതൊക്കെയാണെന്നും അനുവദനീയമായ അലങ്കാരങ്ങൾ ഏതൊക്കെയാണെന്നും കെട്ടിട മാനേജ്മെന്റ് കൂടുതൽ വ്യക്തമായി അറിയിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘ശ്രദ്ധിക്കണം’ എന്ന പൊതുവായ മുന്നറിയിപ്പിനേക്കാൾ വ്യക്തമായ നിർദേശങ്ങളാണ് താമസക്കാർക്ക് പ്രയോജനപ്പെടുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്സവകാലം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം അറിയിപ്പുകൾ നൽകുന്നത് താമസക്കാർക്ക് മുൻകൂട്ടി തയ്യാറെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകൾ അലങ്കരിക്കുമ്പോഴും വിളക്കുകൾ തെളിയിക്കുമ്പോഴും തീപിടിത്ത സാധ്യത ഒഴിവാക്കണമെന്നതാണ് കെട്ടിട മാനേജ്മെന്റ് കമ്പനികളുടെ പ്രധാന നിർദേശം. സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ട് പരമ്പരാഗത ആഘോഷങ്ങൾ തുടരാനാണ് ദുബായിലെ പല കുടുംബങ്ങളും ശ്രമിക്കുന്നത്.





