
UAE Population യുഎഇയിലെ ജനസംഖ്യ 2025-ൽ 1.206 കോടി (12.06 ദശലക്ഷം) ആയി ഉയർന്നതായി ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (FCSC) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ. 2024-ലെ 1.129 കോടിയിൽ നിന്ന് ഏഴ് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ ഏകദേശം 7.7 ലക്ഷം പേരാണ് രാജ്യത്തെ ജനസംഖ്യയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. യുഎഇയിലെ ജനസംഖ്യാ വളർച്ചയുടെ തുടർച്ചയാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎഇയിൽ പുരുഷന്മാർ 77 ലക്ഷം
2025-ലെ കണക്കുകൾ പ്രകാരം യുഎഇയിലെ പുരുഷന്മാരുടെ എണ്ണം 77 ലക്ഷമാണ്. മൊത്തം ജനസംഖ്യയുടെ 64 ശതമാനമാണിത്. 2024-ൽ 72.3 ലക്ഷമായിരുന്ന പുരുഷ ജനസംഖ്യയിൽ 6.7 ശതമാനം വർധനയുണ്ടായി.
സ്ത്രീകളുടെ എണ്ണം 43.5 ലക്ഷമായി ഉയർന്നു. മൊത്തം ജനസംഖ്യയുടെ 36 ശതമാനമാണ് സ്ത്രീകൾ. മുൻവർഷത്തെ ഏകദേശം 40 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധന രേഖപ്പെടുത്തി.
25 വർഷത്തിനിടെ ജനസംഖ്യ നാലിരട്ടിയോളം
കഴിഞ്ഞ 25 വർഷത്തിനിടെ യുഎഇയിലെ ജനസംഖ്യ ഏകദേശം 280 ശതമാനം വർധിച്ചു. 2000-ൽ 31.7 ലക്ഷമായിരുന്ന ജനസംഖ്യയാണ് 2025-ൽ 1.2 കോടി പിന്നിട്ടത്.
2000 മുതൽ 2010 വരെയുള്ള കാലയളവിൽ ജനസംഖ്യ 120 ശതമാനം ഉയർന്ന് 68 ലക്ഷത്തിലെത്തി. 2020-ൽ ഇത് 93 ലക്ഷമായി. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ വീണ്ടും ഏകദേശം 29 ശതമാനം വർധനയുണ്ടായി.
ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കിയുള്ള കണക്ക്
യുഎഇയിലെ ജനസംഖ്യാ രജിസ്റ്ററാണ് പുതിയ കണക്കുകൾ തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ഔദ്യോഗിക ഭരണരേഖകളുടെ അടിസ്ഥാനത്തിൽ സമാഹരിച്ചാണ് ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ജനസംഖ്യാ കണക്ക് പുറത്തുവിട്ടത്.
ജനസംഖ്യയിലെ ഈ വർധന യുഎഇയിലെ ജനസംഖ്യാ ഘടനയിലും തൊഴിൽശക്തിയിലും നഗരവികസനത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു.





