
Qatar Strongly Condemns Iranian Attacks ദോഹ: കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള കടുത്ത ലംഘനമാണ് ആക്രമണങ്ങളെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്ന തത്വം എന്നിവയുടെ ലംഘനമാണ് ഇറാന്റെ നടപടികളെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്നും സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന രാഷ്ട്രീയ, നയതന്ത്ര നീക്കങ്ങളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന്റെ തത്വങ്ങൾ മാനിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. കൂടുതൽ സംഘർഷങ്ങളിലേക്കും മേഖലാതല പ്രതിസന്ധി വ്യാപിക്കുന്നതിലേക്കും നയിക്കാതിരിക്കാൻ ചർച്ചകൾക്കും നയതന്ത്രപരമായ പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിനും ബഹ്റൈനും ഖത്തർ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും ഖത്തർ ആവർത്തിച്ചു.





