
ദോഹ: ലോക ബാലദിനത്തോടനുബന്ധിച്ച് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തവും സർഗാത്മകമായ ആവിഷ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ സാമൂഹിക വികസന-കുടുംബ മന്ത്രാലയം (MSDF) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 19, 20 തീയതികളിൽ ഓൾഡ് ദോഹ പോർട്ടിലാണ് പരിപാടി നടക്കുന്നത്. ‘ബാല്യം ഒരു ഉത്തരവാദിത്തമാണ്’ എന്ന പ്രമേയത്തിലാണ് വിവിധ ബോധവൽക്കരണ, വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ പരിചയപ്പെടുത്തുക, കഴിവുകൾ വികസിപ്പിക്കുക, സ്വപ്നങ്ങളും ആഗ്രഹങ്ങളും തുറന്നുപറയാൻ അവസരം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ വളർച്ചയിലും സംരക്ഷണത്തിലും മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു.
കുടുംബ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ-സംവേദനാത്മക പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വികാരങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ‘എമോഷൻ ഗാർഡൻ’ എന്ന പ്രത്യേക ഇടവും ഇതിലുണ്ട്. ചെടികളുമായി വികാരങ്ങളെ ബന്ധപ്പെടുത്തി കുട്ടികൾക്ക് വിവിധ വികാരങ്ങൾ തിരിച്ചറിയാനും അവ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കാനും ഈ പ്രവർത്തനം സഹായിക്കും.
മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സ്നേഹവും പ്രോത്സാഹനവും കൈയെഴുത്ത് സന്ദേശങ്ങളിലൂടെ അറിയിക്കാനുള്ള പ്രത്യേക ‘ഫാമിലി മെസേജ് കോർണറും’ ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കൾ എഴുതുന്ന സന്ദേശങ്ങൾ കുട്ടികൾക്ക് ഓർമസമ്മാനമായി സൂക്ഷിക്കാം. കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശങ്ങളും പരിപാടിയുടെ ഭാഗമാണ്. പോസിറ്റീവ് രക്ഷാകർതൃത്വം, കുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടതിന്റെ പ്രാധാന്യം, സുരക്ഷിതവും പിന്തുണ നൽകുന്നതുമായ കുടുംബാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകും.
കുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ പരിചയപ്പെടുത്തുന്നതിനായി ‘റൈറ്റ്സ് ടവർ’ എന്ന പേരിൽ സംവേദനാത്മക ഗെയിമും ഒരുക്കിയിട്ടുണ്ട്. കളിയിലൂടെ പഠനം സാധ്യമാക്കുന്ന ഈ പ്രവർത്തനം കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകും.
ആരോഗ്യകരവും സന്തോഷകരവുമായ കുട്ടികളെ വളർത്തുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള കുട്ടികളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കുടുംബ ശാക്തീകരണ വകുപ്പ് ഡയറക്ടർ ഫാത്തിമ അൽ നുഐമി പറഞ്ഞു.
കുട്ടികളുടെ വ്യക്തിത്വവും കഴിവുകളും വികസിപ്പിക്കുന്നതിൽ കുടുംബത്തിന് നിർണായക പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സ്ഥിരതയുള്ളതും പിന്തുണ നൽകുന്നതുമായ കുടുംബാന്തരീക്ഷം കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്വന്തം അഭിപ്രായങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ വളർച്ചയ്ക്കും ഭാവിക്കും സഹായകമായ മൂല്യങ്ങൾ വളർത്തുന്ന പദ്ധതികളും പരിപാടികളും മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സാമൂഹിക സംരക്ഷണ വകുപ്പും പരിപാടിയിൽ മൂന്ന് പ്രധാന മേഖലകളുമായി പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്ന ‘ചിൽഡ്രൻസ് ഹൗസ്’, കുട്ടികൾക്ക് അവരുടെ ഭാവി സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാനുള്ള ‘ഫ്യൂച്ചർ ഡ്രീംസ്’ മേഖല, വിവിധ പ്രായക്കാർക്കായി വിനോദ-സംവേദനാത്മക കളികൾ ഒരുക്കുന്ന പ്രത്യേക ഗെയിംസ് ഏരിയ എന്നിവയാണ് ഇവ.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അതേക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, ഓരോ കുട്ടിക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക എന്നിവ മന്ത്രാലയത്തിന്റെ അടിസ്ഥാന മുൻഗണനകളാണെന്ന് സാമൂഹിക സംരക്ഷണ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ മുഹന്നദി പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം കുടുംബത്തിന്റെയോ സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹം ഒന്നാകെ ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള സംവേദനാത്മക പ്രവർത്തനങ്ങളിലൂടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നത് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാനുള്ള കഴിവ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ സുരക്ഷിതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷത്തിൽ വളരുന്നതിനായി കുടുംബങ്ങളും സ്ഥാപനങ്ങളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, സാമൂഹിക സംരക്ഷണം ഉറപ്പാക്കുക, പരിചരണത്തിൽ നിന്ന് ശാക്തീകരണത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മന്ത്രാലയത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് വളരാനും സമൂഹത്തിൽ പങ്കാളികളാകാനും അവരുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.





