
GDRFA Dubai;ദുബായ്: മാനുഷിക പരിഗണന ആവശ്യമായ വീസാ കേസുകൾ കൈകാര്യം ചെയ്യുന്ന ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA)യുടെ പ്രത്യേക സേവന വിഭാഗം താൽക്കാലികമായി മാറ്റുന്നു. നവംബർ 23 മുതൽ അൽ തവാർ 2-ലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഫ്രീ സോൺ വിഭാഗത്തിലായിരിക്കും ഈ സേവനങ്ങൾ ലഭ്യമാകുക.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സേവനകേന്ദ്രം മാറ്റാനുള്ള തീരുമാനം. 2027 ജനുവരി 30 വരെ നിലവിലെ ഓഫീസ് അടച്ചിടും. ഈ കാലയളവിൽ എല്ലാ സേവനങ്ങളും അൽ തവാർ 2-ലെ താൽക്കാലിക കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വീസയുമായി ബന്ധപ്പെട്ട മാനുഷിക പരിഗണന ആവശ്യമായ കേസുകളിൽ സഹായം തേടുന്നവർ നവംബർ 23 മുതൽ പുതിയ കേന്ദ്രത്തിൽ നേരിട്ടെത്തണം. സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും ഉപഭോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രവർത്തന സമയം അറിയാം
താൽക്കാലിക സേവനകേന്ദ്രത്തിന്റെ പ്രവർത്തന സമയം ഇപ്രകാരമാണ്:
- തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
- വെള്ളിയാഴ്ച: രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12 വരെ.
- ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ കേന്ദ്രം പ്രവർത്തിക്കില്ല.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ പഴയ ഓഫീസിന്റെ ഗൂഗിൾ മാപ്‌സ് ലൊക്കേഷനിൽ ‘Temporarily Closed’ എന്ന അറിയിപ്പ് രേഖപ്പെടുത്തും. പുതിയ കേന്ദ്രത്തിന്റെ ലൊക്കേഷനും പ്രവർത്തന സമയവും ഗൂഗിൾ മാപ്‌സിൽ ലഭ്യമാകും.
പഴയ ഓഫീസ് വീണ്ടും തുറക്കുന്ന തീയതി ജിഡിആർഎഫ്എയുടെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും അമർ കോൾ സെന്ററിന്റെ ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടാവുന്നതാണ്.





