
Abu Dhabi Accident:അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഹുസൈനാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിലെ ബദാ സായിദ് മേഖലയിലായിരുന്നു അപകടം.
എതിർദിശയിൽനിന്ന് വന്ന കാറുമായി ഹുസൈൻ സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഫിലിപ്പീൻസ് സ്വദേശിയായ ഡ്രൈവറും മരിച്ചു.
ഗൾഫാർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹുസൈൻ. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം നാട്ടിൽനിന്ന് യുഎഇയിൽ തിരിച്ചെത്തിയത്. അന്നുതന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദുരന്തം സംഭവിച്ചത്.
കഴിഞ്ഞ വർഷമുണ്ടായ മറ്റൊരു വാഹനാപകടത്തിൽ ഹുസൈന്റെ കാലിന് പരിക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ കാലിൽ ഘടിപ്പിച്ച കമ്പി നീക്കം ചെയ്യുന്നതിനായാണ് ഒരു മാസം മുമ്പ് നാട്ടിലേക്ക് പോയത്. ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമാകുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.





