Abu Dhabi launches a floating port അബുദാബിയിൽ വിദേശ യാട്ടുകൾക്കായി ഫ്ലോട്ടിങ് പോർട്ട്; ബോട്ടുകൾ നിർത്തിയിടുന്ന സ്ഥലത്തുതന്നെ പരിശോധനയും ഇമിഗ്രേഷൻ നടപടികളും

Abu Dhabi launches a floating port അബുദാബി: വിദേശത്തുനിന്ന് എത്തുന്ന ആഡംബര യാട്ടുകൾക്ക് (Luxury Yachts) ബർത്തുകളിൽനിന്ന് മാറാതെ തന്നെ അതിർത്തി പരിശോധനകളും സുരക്ഷാ നടപടികളും പൂർത്തിയാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി അബുദാബി. ‘അബുദാബി ഫ്ലോട്ടിങ് പോർട്ട്’ എന്ന പേരിലുള്ള പുതിയ സേവനം ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ യാട്ടുകൾക്ക് ഇമിഗ്രേഷൻ നടപടികൾക്കും പരിശോധനകൾക്കുമായി മറ്റൊരു സ്ഥലത്തേക്ക് നീങ്ങേണ്ടതില്ല.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട് സെക്യൂരിറ്റി മുഖേന പദ്ധതി നടപ്പാക്കുന്നത്. അബുദാബി മൊബിലിറ്റിയുടെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, അബുദാബി മാരിടൈം എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം.

ബർത്തുകളിൽ നേരിട്ടെത്തി പരിശോധന

പുതിയ സംവിധാനപ്രകാരം വിദേശ യാട്ടിന്റെ ഷിപ്പിങ് ഏജന്റ് മുൻകൂട്ടി പരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാട്ട് നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തെത്തി ആവശ്യമായ രേഖാപരിശോധനകളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും.

ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കാനും യാത്രാരേഖകൾ വായിക്കാനും യാട്ടിലുള്ളവരുടെ പ്രവേശനവും പുറത്തുപോകലും രേഖപ്പെടുത്താനും കഴിയുന്ന അത്യാധുനിക ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുക. ഈ ഉപകരണങ്ങൾ ഔദ്യോഗിക സംവിധാനങ്ങളുമായും ഡാറ്റാബേസുകളുമായും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

യാട്ട് ടൂറിസത്തിന് പ്രോത്സാഹനം

നവംബർ 22 വരെ അഡ്നെക്കിലെ മറീന ഹാളിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ 2026ന്റെ ഭാഗമായാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. വിദേശ യാട്ടുകളുടെ പ്രവേശന-പുറത്തുകടക്കൽ നടപടികൾ ലളിതമാക്കുക, മറീനകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുക, സമുദ്ര വിനോദസഞ്ചാര മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

അബുദാബി ലക്ഷ്വറി യാട്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഫ്ലോട്ടിങ് പോർട്ട് പദ്ധതി നടപ്പാക്കുന്നത്. ആഗോളതലത്തിൽ ആഡംബര യാട്ടുകളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഹോം പോർട്ടായും അബുദാബിയെ മാറ്റാനുള്ള നീക്കങ്ങൾക്കും പദ്ധതി സഹായകമാകും.

അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാർക്കും യാട്ട് ഉടമകൾക്കും കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *