
Sheikh Zayed Festival 2026;അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവൽ 2026–2027 സന്ദർശിക്കാനെത്തുന്നവർക്ക് യാത്രാ സൗകര്യങ്ങളൊരുക്കി സംഘാടകർ. അബൂദബി നഗരത്തിൽ നിന്ന് അൽ വത്ബയിലെ ഫെസ്റ്റിവൽ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചു. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററുമായി (അബൂദബി മൊബിലിറ്റി) സഹകരിച്ചാണ് ഫെസ്റ്റിവൽ ഉന്നത സംഘാടക സമിതി പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ ബസ്
അബൂദബിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് ഫെസ്റ്റിവൽ വേദിയിലേക്ക് ബസ് സർവീസ് നടത്തുക. അബൂദബി മെയിൻ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാൻ മാൾ, ബനിയാസ് കോർട്ടിന് എതിർവശമുള്ള പ്രദേശം എന്നിവിടങ്ങളിലൂടെ അൽ വത്ബയിലെ ഫെസ്റ്റിവൽ വേദിയിലെത്തും.
സാധാരണ സമയങ്ങളിൽ ഓരോ 30 മിനിറ്റിലും ബസുകൾ ലഭ്യമാകും. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ സൗകര്യാർഥം സർവീസ് ഇടവേള 20 മിനിറ്റായി കുറയ്ക്കും.
ബസ് സമയക്രമം അറിയാം
ഞായർ മുതൽ വ്യാഴം വരെ:
- ഫെസ്റ്റിവൽ വേദിയിലേക്കുള്ള സർവീസ്: ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ.
- മടക്ക സർവീസ്: വൈകിട്ട് 4.30 മുതൽ പുലർച്ചെ 12.30 വരെ.
വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ:
- വേദിയിലേക്കുള്ള സർവീസ്: ഉച്ചകഴിഞ്ഞ് 3 മുതൽ അർധരാത്രി 12 വരെ.
- മടക്ക സർവീസ്: പുലർച്ചെ 1.30 വരെ.
ടാക്സിയും പാർക്കിംഗ് സൗകര്യവും
ബസ് സർവീസിന് പുറമെ ഫെസ്റ്റിവൽ വേദിയിലേക്ക് ടാക്സി സൗകര്യവും ലഭ്യമാണ്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി പാർക്കിംഗ് സൗകര്യങ്ങളും വാലറ്റ് പാർക്കിംഗ് സേവനവും ഒരുക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പട്രോളിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ എവിടെ ലഭിക്കും?
ബസ് റൂട്ടുകളും സമയക്രമവും അറിയാൻ ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, അബൂദബി മൊബിലിറ്റി വെബ്സൈറ്റ് (admobility.gov.ae), ദർബി (Darbi) ആപ്പ്, ഗൂഗിൾ മാപ്സ് എന്നിവ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 800850 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ഒക്ടോബർ 30ന് അൽ വത്ബ സൗത്തിൽ ആരംഭിച്ച ഫെസ്റ്റിവൽ 2027 മാർച്ച് 13 വരെ തുടരും. പ്രവേശന ടിക്കറ്റ് നിരക്ക് 10 ദിർഹമാണ്. ഈദുൽ ഇത്തിഹാദ് അവധിക്കാലത്ത് ഇമാറാത്തി പൈതൃക പരിപാടികൾ, അന്താരാഷ്ട്ര കലാപ്രകടനങ്ങൾ, സമ്മാന നറുക്കെടുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയ പ്രത്യേക മൂന്ന് ദിവസത്തെ ആഘോഷങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.





