Gold Extraction From Old Mobile Phones;എന്ത് ഇത് സത്യമോ???വലിച്ചെറിയാൻ വരട്ടെ, പഴയ ഫോണുകളിൽ നിന്ന് 21 കാരറ്റ് സ്വർണ്ണം;; ദുബൈയിൽ പുതിയ കണ്ടുപിടിത്തം

Gold Extraction From Old Mobile Phones;ദുബൈ: ഉപയോഗശൂന്യമായ പഴയ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഇനി വെറും ഇ-മാലിന്യമല്ല. അവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള സ്വർണം വീണ്ടെടുക്കാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് യുഎഇയിലെ ഗവേഷകർ. ദുബായ് ഫ്യൂച്ചർ വീക്കിന്റെ ഭാഗമായി അവതരിപ്പിച്ച ഈ നൂതന കണ്ടുപിടിത്തം ഇലക്ട്രോണിക് മാലിന്യ സംസ്കരണ മേഖലയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഖലീഫ സർവകലാശാലയിലെ കെമിസ്ട്രി വിഭാഗത്തിലെ ഗവേഷകയും സാങ്കേതികവിദ്യാ വികസന വിദഗ്ധയുമായ ഡോ. നജാത്ത് അൽദഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏകദേശം രണ്ട് വർഷത്തെ ഗവേഷണത്തിലൂടെയാണ് ‘റീഗോൾഡ്’ (ReGold) എന്ന പേരിലുള്ള സംവിധാനം രൂപപ്പെടുത്തിയത്.

ഒരു മണിക്കൂറിൽ 5.2 ഗ്രാം സ്വർണം വീണ്ടെടുക്കാം

ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ദ്രാവകത്തിൽ നിന്ന് സ്വർണം മാത്രം തിരഞ്ഞുപിടിച്ച് വേർതിരിച്ചെടുക്കാൻ പ്രത്യേകതരം ദ്വിമാന സുഷിര വസ്തുവാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ദ്രാവകത്തിലുള്ള സ്വർണത്തിന്റെ 99 ശതമാനം വരെ വീണ്ടെടുക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

ഒരു മണിക്കൂറിൽ 5.2 ഗ്രാം സ്വർണം വീണ്ടെടുക്കാൻ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ലഭിച്ച സ്വർണത്തിന്റെ പരിശുദ്ധി ഏകദേശം 21 കാരറ്റാണ്. സാധാരണയായി സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന സയനൈഡ്, മെർക്കുറി പോലുള്ള വിഷരാസവസ്തുക്കൾ ഒഴിവാക്കാൻ കഴിയുമെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകതയാണ്.

പഴയ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സ്വർണമോ?

മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചില ഘടകങ്ങളിൽ ചെറിയ അളവിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്. വൈദ്യുതിയുടെ മികച്ച ചാലകമായതിനാൽ ഇലക്ട്രോണിക് കണക്ഷനുകളിലും സർക്യൂട്ടുകളിലും സ്വർണം ഉപയോഗിക്കുന്നു.

ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഇത്തരം ഉപകരണങ്ങളിൽ നിന്ന് സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ വീണ്ടെടുക്കാനായാൽ ഇ-മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പുതിയ സ്വർണഖനനത്തിന്റെ ആവശ്യകത കുറയ്ക്കാനും സാധിക്കും.

വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കാൻ നീക്കം

പരീക്ഷണങ്ങളിൽ മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് സ്വർണം വേർതിരിച്ചെടുക്കുന്നതിൽ ആയിരത്തിലേറെ മടങ്ങ് തിരഞ്ഞെടുക്കൽ ശേഷി കൈവരിച്ചതായും ഗവേഷകർ വ്യക്തമാക്കുന്നു. വീണ്ടെടുക്കുന്ന സ്വർണം ഉയർന്ന മൂല്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിന് വീണ്ടും ഉപയോഗിക്കാനും കഴിയും.

നിലവിൽ ഈ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കാനും വിപണിയിലെത്തിക്കാനും അനുയോജ്യമായ പങ്കാളികളെ തേടുകയാണ് ഗവേഷകസംഘം. പദ്ധതി വിജയകരമായി നടപ്പിലായാൽ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങൾ പരിസ്ഥിതി സൗഹൃദമായി വീണ്ടെടുക്കുന്നതിൽ വലിയ മുന്നേറ്റമാകും.

ദുബായ് ഫ്യൂച്ചർ വീക്കിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർവകലാശാലാ വിദ്യാർഥികളും ബിരുദധാരികളും വികസിപ്പിച്ച നൂറോളം നൂതന പദ്ധതികളാണ് അവതരിപ്പിച്ചത്. ആരോഗ്യരംഗം, ഊർജം, വിഭവസംരക്ഷണം, പരിസ്ഥിതി, നഗരവികസനം തുടങ്ങിയ മേഖലകളിലെ പുതിയ ആശയങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy