
Gold Price Fall in India; ന്യൂഡൽഹി: രാജ്യത്ത് സ്വർണവില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ തന്റെ നിർദേശം അനുസരിച്ച് സ്വർണം വാങ്ങുന്നത് കുറച്ചതിലൂടെ പണം ലാഭിക്കാനായെന്ന് ജനങ്ങൾ പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവശ്യത്തിനല്ലാതെ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
ലഖ്നൗവിൽ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ മേയിൽ രാജ്യത്തെ ജനങ്ങളോട് ഒരു വർഷത്തേക്ക് അനാവശ്യമായി സ്വർണം വാങ്ങരുതെന്ന് താൻ അഭ്യർഥിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് ജനങ്ങളോട് ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാൻ നടത്തിയ ആഹ്വാനത്തോടാണ് മോദി ഈ സംഭവത്തെ താരതമ്യം ചെയ്തത്. അന്ന് രാജ്യത്തെ ജനങ്ങൾ ശാസ്ത്രിയുടെ അഭ്യർഥന ഏറ്റെടുത്തതുപോലെ ഇന്നും രാജ്യത്തിന്റെ കൂട്ടായ്മയുടെ മനോഭാവം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ സ്വർണം കുറച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾ അത് അനുസരിച്ചു. സ്വർണവില ഇടിഞ്ഞു. ഇന്ന് ആളുകൾ എന്നോട് പറയുന്നത്, മോദിജി, താങ്കൾ പറഞ്ഞത് ഞങ്ങൾ അനുസരിച്ചു, ഞങ്ങളുടെ പണം ലാഭിക്കാനായി എന്നാണ്’ മോദി വ്യക്തമാക്കി.
വ്യാപാരികൾക്കും ആശ്വാസമായെന്ന് വ്യാപാര സംഘടന
മോദിയുടെ ആഹ്വാനത്തിന് നന്ദി അറിയിച്ച് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണവില ഉയർന്നുനിന്ന സമയത്ത് വലിയ തോതിൽ സ്വർണം സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് പിന്നീട് വില ഇടിഞ്ഞപ്പോൾ സംഭവിക്കാമായിരുന്ന നഷ്ടം ഒഴിവാക്കാൻ ഈ നിർദേശം സഹായിച്ചെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
സംഘടനയുടെ കണക്കനുസരിച്ച് മോദിയുടെ ആഹ്വാനം നടത്തിയ സമയത്ത് കിലോഗ്രാമിന് ഏകദേശം 1.9 കോടി രൂപയായിരുന്ന സ്വർണവില നവംബർ 22 ആയപ്പോഴേക്കും ഏകദേശം 1.25 കോടി രൂപയായി കുറഞ്ഞു. കിലോഗ്രാമിന് ഏകദേശം 65 ലക്ഷം രൂപയുടെ ഇടിവാണിത്.
സ്വർണ ഇറക്കുമതിയിലും കുറവ്
കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ഇറക്കുമതി മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 40 ശതമാനം കുറഞ്ഞു. സ്വർണവിലയിലെ ഇടിവിന് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഇറക്കുമതി തീരുവയിലെ വർധന, ഉപഭോക്താക്കളുടെ ആവശ്യകതയിലെ കുറവ് തുടങ്ങിയ ഘടകങ്ങളും കാരണമായിട്ടുണ്ട്.
സ്വർണം അനാവശ്യമായി വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വീണ്ടും ചർച്ചയാകുമ്പോൾ, വിവാഹ സീസണിൽ സ്വർണം വാങ്ങുന്ന കുടുംബങ്ങൾക്കും വിലയിടിവ് ആശ്വാസമാകുമെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.





