
കുവൈത്ത് സിറ്റി, നവംബർ 23: കടകൾ, കഫേകൾ, റസ്റ്ററന്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നിലധികം പേപ്പർ ലൈസൻസുകൾ ചുമരുകളിൽ പ്രദർശിപ്പിക്കണമെന്ന രീതി ഒഴിവാക്കി സ്മാർട്ട് ലൈസൻസ് സംവിധാനം വ്യാപിപ്പിക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നീക്കം തുടങ്ങി. ലൈസൻസുകളുടെ വിവരങ്ങൾ പരിശോധിക്കാൻ സ്മാർട്ട് ലൈസൻസിലെ ക്യുആർ കോഡ് ഉപയോഗിക്കുന്നതിന് സർക്കാർ ഏജൻസികളെ പ്രേരിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യം ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നീങ്ങുമ്പോഴും വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന ലൈസൻസുകൾ വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും ചുമരുകളിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള അൽ-റായ് പത്രത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നീക്കം.
കുവൈത്തിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി മർവ അൽ-ജുഐദാൻ അൽ-റായിയോട് പറഞ്ഞു.
വാണിജ്യ ലൈസൻസുകളിലെ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്നതിനുള്ള പ്രധാന സംവിധാനമായി സ്മാർട്ട് ലൈസൻസിലെ ക്യുആർ കോഡ് ഉപയോഗിക്കണമെന്ന് അവർ വ്യക്തമാക്കി. പരിശോധനാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും വിവിധ സേവനങ്ങൾ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഒമ്പത് സർക്കാർ സ്ഥാപനങ്ങൾ പദ്ധതിയിൽ
2025-ൽ ആരംഭിച്ച സ്മാർട്ട് ലൈസൻസ് പദ്ധതിയിൽ ഒമ്പത് സർക്കാർ സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അവ:
- വാണിജ്യ വ്യവസായ മന്ത്രാലയം
- കുവൈത്ത് മുനിസിപ്പാലിറ്റി
- കുവൈത്ത് ഫയർ ഫോഴ്സ്
- പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM)
- പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN)
- ഇൻഫർമേഷൻ മന്ത്രാലയം
- പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി
- ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി
- പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)
ലൈസൻസ് വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രധാന മാർഗമായി ബാർകോഡ് ഉപയോഗിക്കണമെന്ന നിർദ്ദേശം ഉൾപ്പെടുത്തി നിലവിലുള്ള സർക്കുലർ പുതുക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന് തടസ്സമാകുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് വിവിധ പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് കുറയുകയും പരിശോധനാ നടപടികൾ കൂടുതൽ ലളിതമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.





