
Kuwait Fifth Ring Road bridge closure : കുവൈത്തിലെ അഞ്ചാം റിങ് റോഡിലുള്ള 55-ാം നമ്പർ പാലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഇതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സാൽമിയയിൽ നിന്ന് ജഹ്റ ദിശയിലേക്ക് സഞ്ചരിച്ച് എയർപോർട്ട് റോഡ് വഴി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളെയാണ് നിയന്ത്രണം പ്രധാനമായും ബാധിക്കുക. ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് ആവശ്യമായതിലും കൂടുതൽ സമയം കരുതണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പാലം വീണ്ടും തുറക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.





