Abu Dhabi Black Points Reduction; ദേശീയ ദിനത്തിൽ ഡ്രൈവർമാർക്ക് വൻ നേട്ടം; നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം, എങ്ങനെയെന്നല്ലേ?? അറിയാം

Abu Dhabi Black Points Reduction; അബുദാബി: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനമോടിക്കുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അബുദാബി പൊലീസ്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരമൊരുക്കുകയാണ് പൊലീസ്. ‘സെലിബ്രേറ്റ് സേഫ്‌ലി’ (Celebrate Safely) എന്ന പേരിൽ ആരംഭിച്ച പ്രത്യേക ക്യാമ്പയിനിലൂടെയാണ് ഈ ആനുകൂല്യം ലഭിക്കുക.

ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ യാതൊരു ഗതാഗത നിയമലംഘനവും നടത്താതെയും അപകടങ്ങൾക്ക് കാരണമാകാതെയും വാഹനമോടിക്കുന്നവർക്കാണ് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അർഹതയുണ്ടാകുക. ഇതിനായി വാഹനമോടിക്കുന്നവർ ആദ്യം അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്യുകയും ഗതാഗത സുരക്ഷാ പ്രതിജ്ഞയിൽ ഒപ്പുവെക്കുകയും വേണം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുമ്പോഴും അധികൃതർ നിർദേശിച്ചിട്ടുള്ള നിയമങ്ങൾ പാലിക്കണം. വാഹനങ്ങളുടെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ സ്റ്റിക്കറുകൾ പതിക്കുകയോ കാഴ്ച മറയ്ക്കുന്ന തരത്തിൽ അലങ്കാരങ്ങൾ സ്ഥാപിക്കുകയോ ചെയ്യരുത്. അനുമതിയില്ലാത്ത വാഹന മോഡിഫിക്കേഷനുകൾ, അമിത ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, നമ്പർ പ്ലേറ്റുകൾ മറയ്ക്കൽ, വാഹനത്തിന്റെ നിറം മാറ്റൽ, മുൻവശത്തെ ഗ്ലാസിൽ ടിന്റ് ചെയ്യൽ എന്നിവയും അനുവദനീയമല്ല.

കൂടാതെ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. അനുമതിയില്ലാത്ത വാഹന റാലികൾ സംഘടിപ്പിക്കുകയോ പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്. വാഹനങ്ങളുടെ ജനലുകളിലൂടെയും സൺറൂഫിലൂടെയും യാത്രക്കാർ പുറത്തേക്ക് ചാഞ്ഞുനിൽക്കുന്നതിനും വിലക്കുണ്ട്. ഡ്രൈവിങ്ങിനിടയിലും യാത്രക്കാരായിരിക്കുമ്പോഴും കാൽനടയാത്രക്കാരായിരിക്കുമ്പോഴും പാർട്ടി സ്പ്രേകൾ ഉപയോഗിക്കരുത്. അപകടകരമായ അഭ്യാസങ്ങളും ഒഴിവാക്കണം.

ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അബുദാബി പൊലീസ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളിൽ നടത്തിയ അഭിപ്രായ സർവേയ്ക്ക് ലഭിച്ച മികച്ച പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത് നിബന്ധനകൾ പാലിക്കുന്നതിലൂടെ നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *