
കുവൈത്ത് സിറ്റി: വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും അപകടകാരികളായ മൃഗങ്ങളെക്കുറിച്ച് പരാതികൾ അറിയിക്കുന്നതിനുമായി കുവൈത്തിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. പൊതുമേഖലാ കൃഷി-മത്സ്യവിഭവ അതോറിറ്റിയാണ് ‘ദീറ’ (Deera) എന്ന പേരിൽ പുതിയ ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്ലാറ്റ്ഫോമിന്റെ ആദ്യഘട്ടത്തിൽ രണ്ട് പ്രധാന സേവനങ്ങളാണ് ലഭ്യമാകുക. നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും അപകടകാരികളായ മൃഗങ്ങളെക്കുറിച്ച് അധികൃതർക്ക് പരാതി നൽകാനും ഇതിലൂടെ സാധിക്കും.
സാധുവായ സിവിൽ ഐഡിയുള്ള കുവൈത്ത് സ്വദേശികൾക്കും പ്രവാസികൾക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് പ്ലാറ്റ്ഫോം പ്രോജക്ട് ഡയറക്ടർ ഡോ. ഖാലിദ് അൽ ഫായിസ് അറിയിച്ചു.
വളർത്തുമൃഗങ്ങളുടെ ഉടമകൾക്കായി കൂടുതൽ സേവനങ്ങൾ വരുംഘട്ടങ്ങളിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. വിവിധ ഘട്ടങ്ങളിലായി പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതോറിറ്റിയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനൊപ്പം ആധുനിക ഡാറ്റാബേസ് സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആക്ടിങ് ഡയറക്ടർ ജനറൽ അൽ മിസ്ബാഹി പറഞ്ഞു.
അതോറിറ്റിയുടെ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷനും മൃഗങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കലും കൂടുതൽ ലളിതമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.





