
Drugs Hidden Inside a Child’s Chair കുവൈത്ത് സിറ്റി: കാനഡയിൽ നിന്ന് കുവൈത്തിലേക്ക് അയച്ച കുട്ടികളുടെ കസേരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. കുവൈത്ത് എയർ കാർഗോ കസ്റ്റംസ് വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
കുട്ടികളുടെ കസേരയ്ക്കുള്ളിലെ ഡ്രോയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എ4 വലുപ്പത്തിലുള്ള 50 പേപ്പർ ഷീറ്റുകളിൽ ‘കെമിക്കൽ’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പുരട്ടിയിരുന്നു. ഏകദേശം 323 ഗ്രാം ആയിരുന്നു ഇവയുടെ ആകെ ഭാരം.
കാനഡയിൽ നിന്ന് എത്തിയ പാർസലുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കസേരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
തുടർന്ന് കസ്റ്റംസ് അന്വേഷണ വിഭാഗം മയക്കുമരുന്ന് നിയന്ത്രണ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നിയമനടപടികൾക്കായി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധനാ നടപടികൾ. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയുമുള്ള മയക്കുമരുന്ന് കടത്ത് തടയാൻ പരിശോധനകൾ ശക്തമായി തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.





